സംസ്ഥാനതല കുടുംബശ്രീ ഓണം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

post

* സംസ്ഥാനത്തൊട്ടാകെ 1085 കുടുംബശ്രീ ഓണം മേളകൾ

കുടുംബശ്രീ സംസ്ഥാനതല ഓണം പ്രദർശന വിപണന മേളയായ ‘ഓണനിലാവ്' തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ്ങ് ഗ്രൗണ്ടിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 1085 കേന്ദ്രങ്ങളിൽ ആരംഭിച്ച കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു.

1055 കേന്ദ്രങ്ങളിൽ കുടുംബശ്രീ മേളകളും 1500 കേന്ദ്രങ്ങളിൽ സപ്ലൈക്കോ മേളകളുമായി 2585 ഓണം മേളകളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്ന ഈ മേളകൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. മികച്ച ഉൽപ്പന്നങ്ങൾ വിശ്വസ്ഥതയോടെ ലഭിക്കുന്നു എന്നതാണ് മേളകളുടെ പ്രത്യേകത. സംസ്ഥാനത്ത് ഏത് മേഖലയിലും പുതിയ സംരംഭം തുടങ്ങിയാൽ കുടുംബശ്രീയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന അഭിമാനകരമായ നിലയാണ്. കൊച്ചി മെട്രോ സ്റ്റേഷനിലും കോഴിക്കോട് വിമാനത്താവളത്തിലും കുടുംബശ്രീ ഉല്പന്നങ്ങൾ പുതുതായി എത്തി. കുടുംബശ്രീയുടെ 150 ഓളം ഉൽപ്പന്നങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. അവയുടെ എണ്ണം പടിപടിയായി വർധിപ്പിക്കും.


രാജ്യത്ത് ആദ്യത്തേതായ കൊച്ചി വാട്ടർ മെട്രോയിൽ കുടുംബശ്രീ വിവിധ സേവനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. ഇപ്പോൾ പാലക്കാട് ഐ.ഐ.ടിയും കുടുംബശ്രീയുടെ സേവനം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ മുഖശ്രീയായി മാറിയ കുടുംബശ്രീ ഇപ്പോൾ ഭാഗ്യശ്രീ കൂടിയായി മാറി. കുടുംബശ്രീക്ക് കീഴിലെ ഹരിത കർമ്മസേനയുടെ പരപ്പനങ്ങാടിയിലെ വനിതകളാണ് 10 കോടി രൂപയുടെ മൺസൂൺ ബമ്പർ നേടിയത്.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഇല്ലാത്ത ഒരു പരിപാടിയെക്കുറിച്ച് കേരളത്തിൽ ആരും ചിന്തിക്കാത്ത അവസ്ഥയാണെന്ന് മന്ത്രി പ്രശംസിച്ചു. ഇക്കുറി ഓണം മേളകളിലൂടെ 25 കോടി രൂപയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഓണത്തിന് 19 കോടി ആയിരുന്നു സമാഹരിച്ചത്. തിരുവനന്തപുരത്തെ പ്രദർശന വിപണന മേളയിൽ 50 സ്റ്റാളുകൾ ആണുള്ളത്. ആഗസ്റ്റ് 28 വരെയുള്ള മേളയിൽ ദിവസവും വൈകീട്ട് കലാ-സാംസ്‌കാരിക പരിപാടികൾ, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ആദ്യവില്പന സ്വീകരിച്ചു.