കോവിഡ്- 19 : ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക ; മാതൃശിശു സംരക്ഷണത്തിന് പ്രത്യേക സംവിധാനം

post

കൊല്ലം : ഗര്‍ഭിണികളില്‍ കൊറോണ രോഗവ്യാപനം തടയുന്നതിന് പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലും അടിയന്തിര സാഹചര്യത്തില്‍ ആശ്രാമം ഇ എസ് ഐ ആശുപത്രി, കുണ്ടറ താലൂക്കാശുപത്രി എന്നിവിടങ്ങളിലും മാതൃശിശു സംരക്ഷണത്തിന് മാത്രമായി സേവനം ഉറപ്പാക്കും. വിദേശത്തു  നിന്നോ മറ്റു സംസ്ഥാനങ്ങളില്‍/ജില്ലകളില്‍ നിന്നോ എത്തിയവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായ ഗര്‍ഭിണികള്‍, ഭര്‍ത്താവോ കുടുംബാംഗങ്ങളോ  ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന വീടുകളിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ എന്നിവര്‍ പരിശോധനയ്ക്കായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ മാത്രമേ പോകാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി അറിയിച്ചു.

ഗര്‍ഭിണികളുടെ ആരോഗ്യ സുരക്ഷയ്ക്കായി ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ വി കൃഷ്ണവേണി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

• ഗര്‍ഭകാലത്തിലെ അദ്യത്തെ ആറു മാസം സാധാരണയുള്ള പരിശോധനയ്ക്കായി ലോക്ക് ഡൗണ്‍ കാലയളവില്‍  ആശുപത്രിയില്‍ വരേണ്ടതില്ല.

• ഈ കാലയളവില്‍ കഴിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന മരുന്നുകള്‍ ( ഫോളിക് ആസിഡ്, അയണ്‍, കാത്സ്യം) കൃത്യമായി കഴിച്ച് വീടുകളില്‍ തന്നെ കഴിയേണ്ടതാണ്.

• ആവശ്യമെങ്കില്‍ ഏതു സമയത്തും അടുത്തുള്ള ജെ പി എച്ച് എന്‍, ആശ വര്‍ക്കര്‍ എന്നിവരെ ഫോണ്‍ മുഖേന ബന്ധപ്പെടാം.

• എന്നാല്‍ അടിയന്തിര ഘട്ടങ്ങളിലോ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലോ ആശുപത്രിയില്‍ വരേണ്ടതാണ്.

• ഗര്‍ഭത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ മറ്റ് അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെങ്കില്‍ അവരും അശുപത്രിയില്‍ വരാതെ കുഞ്ഞിന്റെ അനക്കം ശ്രദ്ധിച്ച് അയണ്‍, കാത്സ്യം ഗുളികകള്‍ കഴിച്ച് വീടുകളില്‍ തന്നെ കഴിയേണ്ടതാണ്.

• പ്രസവ ശസ്ത്രകീയകളല്ലാതെ എല്ലാ ഓപ്പറേഷനും ലോക്ക് ഡൗണ്‍ കാലയളവില്‍ ഗവണ്‍മെന്റ് വിക്ടോറിയ അശുപത്രിയില്‍ നിര്‍ത്തി വച്ചിരിക്കുന്നു.

• ഗര്‍ഭിണിയുടെ കൂടെ ഒരാള്‍ മാത്രമേ അശുപത്രിയില്‍ വരാന്‍ പാടുള്ളൂ . കുഞ്ഞുങ്ങളെ യാതൊരു കാരണവശാലും കൂടെ കൊണ്ടുവരാന്‍ പാടുള്ളതല്ല . ഗര്‍ഭിണിയുടെ കൂടെ വന്നവര്‍ അശുപത്രി അധികൃതര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തു മാത്രമേ കാത്തു  നില്‍ക്കാവൂ.

• സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരും വരേണ്ടതില്ല