സാധനങ്ങള്‍ക്ക് അന്യായമായി വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടി : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം :  അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ തടസമില്ലാതെ വരുന്നുണ്ടെന്നും വ്യാപാരികള്‍ അനാവശ്യമായി  വിലവര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കലക്ട്രേറ്റില്‍ നടന്ന ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങളുടെ കടന്നുവരവ് സുഗമമായി നടക്കുന്നു. ചരക്ക് വാഹനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ചെറിയ വിഷയങ്ങള്‍ പോലും അപ്പപ്പോള്‍ ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. അതുകൊണ്ട് ചരക്ക് ലഭ്യമല്ലെന്ന കാരണം പറഞ്ഞ് വിപണിയില്‍ വിലവര്‍ധിപ്പിക്കുന്നത് അനുവദിക്കാനാവില്ല. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, പൊലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.