ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടർ നിരത്തിലിറക്കാൻ കെ.എ.എൽ
മട്ടന്നൂർ കിൻഫ്ര പാർക്കിൽ പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നു
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ (കെ.എ.എൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കും. കെ.എ.എൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന്, കണ്ണൂരിലെ മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കെ.എ.എല്ലിൽനിന്നു പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരമായിക്കഴിഞ്ഞു. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി വയനാട്ടിലും കണ്ണൂരിലും രണ്ടു സർവീസ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ വയനാട്ടിലെ സർവീസ് സെന്റർ തുടങ്ങി. ഡീലർഷിപ്പിനൊപ്പം സർവീസിനുള്ള സൗകര്യവും ഒരുക്കാനുള്ള നടപടികൾ ആലോചിച്ചുവരികയാണ്. ഓട്ടോറിക്ഷകൾക്കായി നേപ്പാളിൽനിന്നു വീണ്ടും ഓർഡറുകൾ വരുന്നുണ്ട്. കെ.എ.എൽ ഓട്ടോകൾക്കു രാജ്യത്താകെ മികച്ച ഡിമാൻഡ് ഇപ്പോഴുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണു പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തിൽ 26 % ഓഹരി കെ.എ.എലിനും ബാക്കി ലോഡ്സ് മാർക് ഇൻഡസ്ട്രീസിനുമാണ്. സംരംഭം വഴി 200 പേർക്കു നേരിട്ടും നിരവധി പേർക്കു പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടും. മന്ത്രിയുടെ സാന്നിധ്യത്തിൽ കെ.എ.എൽ. മാനേജിങ് ഡയറക്ടർ പി.വി. ശശീന്ദ്രനും ലാൻഡ് മാർക്ക് ഇൻഡസ്ട്രീസ് ഡയറക്ടർ സുനിൽ കർഗൂൺകരും പദ്ധതിയുടെ കരാർ പത്രം കൈമാറി.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ, കെ.എ.എൽ. ചെയർമാൻ പുല്ലുവിള സ്റ്റാൻലി, ലോഡ്സ് ഇൻഡസ്ട്രീസ് ഡയറക്ടർ വിനോദ് തിവാരി തുടങ്ങിയവർ പങ്കെടുത്തു.