അക്കേഷ്യാ മരങ്ങള്‍ മുറിച്ചു മാറ്റല്‍ ആരംഭിച്ചു

കോതമംഗലത്തെ വാവേലി, വേട്ടാമ്പാറ എന്നിവിടങ്ങളിലെ അക്കേഷ്യാ മരങ്ങള്‍ മുറിച്ച് മാറ്റല്‍ ആരംഭിച്ചു. മേയ്ക്കപാലാ ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുന്നത്. മരങ്ങള്‍ വീടുകളിലേക്കും വാഹനങ്ങള്‍ക്ക് മുകളിലേക്കും വൈദ്യുതി ലൈനിലേക്കും ഒടിഞ്ഞു വീഴുന്നതും വന്യ മൃഗങ്ങള്‍ മരങ്ങള്‍ തള്ളിമറച്ചിടുന്നതും അപകടങ്ങള്‍ക്ക് കാരണമായിരുന്നു.
150 ഹെക്ടര്‍ വരുന്ന അക്കേഷ്യാ തോട്ടങ്ങളില്‍ നിന്നുമുള്ള മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. മരം മുറിക്കലിന് ആന്റണി ജോണ്‍ എം.എല്‍.എ തുടക്കം കുറിച്ചു. മരങ്ങള്‍ മുറിക്കാന്‍ ആറുമാസമാണ് കരാര്‍ കാലാവധിയെങ്കിലും പരമാവധി വേഗത്തില്‍ മുറിച്ചു നീക്കുന്നതിന് നിര്‍ദേശം നല്‍കിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസി ഔസേപ്പ്, വാര്‍ഡ് മെമ്പര്‍ സിബി എല്‍ദോ, സജീവ് നാരായണന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജിയോ ബേസില്‍ പോള്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിബിന്‍ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എസ് ജാക്‌സണ്‍, എസ്.കണ്ണന്‍, കെ.ആര്‍ രാജേഷ്, ബേസില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മുന്നോടിയായി പരമ്പരാഗത പൂജയായ പൊഴുതുമുറി നടത്തി.