സ്വന്തമായി ഭൂമിയും ഭൂരേഖയും ഇല്ലാത്ത കുടുംബങ്ങൾക്ക് ആധാരം കൈമാറി
 
                                                തൃശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ആലത്തൂരിൽ സ്വന്തമായി ഭൂമിയും ഭൂരേഖയും ഇല്ലാത്ത 8 കുടുംബങ്ങൾക്ക് ആധാരം കൈമാറുന്ന ചടങ്ങ് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മാടമ്പൻ വീട്ടിൽ കുമാരൻ, മുതുവട്ടൂർ വീട്ടിൽ എം കെ നകുലൻ, കൈപ്പുള്ളി വീട്ടിൽ കെ കെ കൊച്ചുമോൻ, വെങ്ങോലി വീട്ടിൽ വി വി പ്രസീത് കുമാർ, കാഞ്ഞിരക്കാടൻ വീട്ടിൽ പുഷ്പ ശശി, പുത്തൻവീട്ടിൽ മീനാക്ഷി ഒ പി, കൊല്ലപ്പറമ്പിൽ വീട്ടിൽ ടി കെ ഭാരതി, ബോയൻ വീട്ടിൽ ഗിരീഷ് എന്നിവർക്കാണ് ഭൂരേഖ കൈമാറിയത്.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രവർത്തനം നടക്കണമെന്ന് മന്ത്രി പറഞ്ഞു. സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും കൂടിച്ചേർന്ന് മാലിന്യ സംസ്കരണം യാഥാർത്ഥ്യമാക്കണം. ഹരിത കർമ്മ സേന എന്നത് ശുചിത്വ കേരളത്തിന്റെ സൈന്യമാണ്. ഓരോ വ്യക്തിയും പങ്കാളികളായാൽ മാത്രമേ സമ്പൂർണ്ണ മാലിന്യമുക്ത കേരളം സൃഷ്ടിക്കാനാകൂ. വീട്ടിലുണ്ടാകുന്ന ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കാനും അജൈവമാലിന്യം ഹരിത കർമ്മസേനയ്ക്ക് നൽകുവാനും ഓരോ വ്യക്തിയും മുൻകൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോടിയേരി ബാലകൃഷ്ണന്റെ പേരിലുള്ള കോൺഫറൻസ് ഹാൾ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ സോളാർ പാനൽ ഉദ്ഘാടനവും ബഡ്സ് സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി ലഭിച്ച 15 സെന്റ് സ്ഥലം ഏറ്റുവാങ്ങലും മന്ത്രി നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിക്കലും നടന്നു.
14 ലക്ഷം രൂപ ചെലവഴിച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള പഞ്ചായത്ത് കോൺഫറൻസ് ഹാൾ നിർമ്മിച്ചത്. 6 ലക്ഷം രൂപ ചിലവിൽ 10 കിലോവാട്ടിന്റെ ഓൺഗ്രിഡ് സോളാർ പാനലാണ് ഉദ്ഘാടനം ചെയ്തത്. ബഡ്സ് സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി 15 സെന്റ് സ്ഥലം മൂന്നാം വാർഡ് രാപ്പാളിലെ തേവർമഠത്തിൽ അനന്തനാരായണ അയ്യരിൽ നിന്നും മന്ത്രി എം ബി രാജേഷ് ഏറ്റുവാങ്ങി. പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫ്രീസർ വാങ്ങുന്നതിനുള്ള തുക കുണ്ടായി വീട്ടിൽ കെ കെ രവീന്ദ്രൻ മന്ത്രിക്ക് നൽകി. ഇരുവരെയും മന്ത്രി എം ബി രാജേഷ് പൊന്നാടയിട്ട് ആദരിച്ചു.










