നിരോധനം ലംഘിച്ച് യാത്ര; ഇന്ന് രജിസ്റ്റർ ചെയ്തത് 1, 751 കേസുകൾ

post

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1, 751 പേർക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3, 612 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് - 338 കേസുകൾ. ഇടുക്കിയിൽ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത കാസർഗോഡ് ആണ് എറ്റവും കുറവ്.

വാഹന പരിശോധന കർശനമാക്കും

വ്യക്തമായ കാരണങ്ങൾ കൂടാതെയും നിർദേശം ലംഘിച്ചും യാത്ര ചെയ്യുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ന്യായമായ ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പോലീസ് ഇതു മടക്കി നൽകും. യാത്ര ചെയ്യുന്ന ആൾ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല.