സോളാർ വൈദ്യുതിയിൽ സ്വയം പര്യാപ്തതയ്ക്കൊരുങ്ങി മണീട് പഞ്ചായത്ത്

സോളാർ വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാനൊരുങ്ങി എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഡോ. ബി ആർ അംബേദ്കർ കമ്മ്യൂണിറ്റി ഹാളും പൂർണ്ണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കും.
ഗ്രാമപഞ്ചായത്തിന്റെ 2022 -23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോളാർ പാനൽ സ്ഥാപിച്ചത്. 14 കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും. മണീട് ഗ്രാമപഞ്ചായത്ത് ഓഫീസ്, മണീട് കൃഷിഭവൻ, എൽ എസ്സ് ജി ഡി എൻജിനീയറുടെ കാര്യാലയം, വി ഇ ഒ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, കുടുംബശ്രീ ഓഫീസ്, പ്രിയദർശിനി വനിതാ പരിശീലന കേന്ദ്രം, പഞ്ചായത്ത് കോൺഫറൻസ് ഹാൾ, പഞ്ചായത്ത് ലൈബ്രറി ഉൾപ്പെടെയുള്ള പഞ്ചായത്ത് ഓഫീസ് സമുച്ചയവും ഡോക്ടർ ബി.ആർ അംബേദ്കർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും.
വൈദ്യുതി തടസ്സം തുടർക്കഥയായിട്ടുള്ള പഞ്ചായത്ത് ഓഫീസ് സമുച്ചയവും കമ്മ്യൂണിറ്റി ഹാളും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതോടെ പൊതു ജനങ്ങൾക്ക് തടസ്സം കൂടാതെ സേവനങ്ങൾ ലഭ്യമാകും. ഹരിത പഞ്ചായത്ത് ആവുന്നതിനോടൊപ്പം വൈദ്യുതി ബില്ലിന്റെ ഭാരത്തിൽ നിന്ന് പഞ്ചായത്ത് മുക്തമാവുകയും ചെയ്യും. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
പൂർത്തീകരിച്ച സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും സംസ്കൃത ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയ സിദ്ധാർത്ഥ് പ്രകാശിനെ ആദരിച്ചു. പഞ്ചായത്തിലെ ഡോ. ബി ആർ അംബേദ്കർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി ജെ ജോസഫ് അധ്യക്ഷത വഹിച്ചു.