മേപ്പയൂരിൽ സമഗ്ര നാളികേര വികസന പദ്ധതി

സമഗ്ര നാളികേര വികസന പദ്ധതിയുമായി കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്ത്. 2023-24 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ എടത്തിക്കണ്ടിക്ക് പെർമിറ്റും വളവും നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
പദ്ധതി പ്രകാരം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളവും കുമ്മായവും 75 ശതമാനം സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കും. ഇതിനായി ഗുണഭോക്തൃ ലിസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകർ പെർമിറ്റ് ലഭിക്കുന്നതിനായി അപേക്ഷാ ഫോറം പൂരിപ്പിച്ച്, ആധാർ കോപ്പി, സ്വന്തം പേരിലുള്ള 2023-24 ലെ കരം അടച്ച രസീതിന്റെ കോപ്പി എന്നിവ കൃഷിഭവനിൽ സമർപ്പിക്കണം. ജൂലൈ 18 നുള്ളിൽ പെർമിറ്റ് കൈപ്പറ്റി വളം വാങ്ങിക്കേണ്ടതാണ്. ചടങ്ങിൽ പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു.