ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഉറപ്പാക്കുമെന്ന് കേരള നിയമസഭാ സമിതി

post

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം: പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുമെന്ന് കേരള നിയമസഭാ സമിതി

സമൂഹത്തിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ലഭ്യമാക്കണമെന്ന് കേരള നിയമസഭാ സമിതി അറിയിച്ചു. കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിയേണ്ടവരല്ല ട്രാൻസ്ജെൻഡർ വ്യക്തികൾ. സംസ്ഥാന ബജറ്റിൽ ട്രാൻജെൻഡർ വ്യക്തികൾക്ക് പ്രഥമ പരിഗണന നൽകിയ സമിതിയാണ് ഇതെന്നും നിയമസഭാ സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് കാലതാമസം കൂടാതെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുമെന്ന് കേരള നിയമസഭാ സമിതി ചെയർപേഴ്സൺ യു പ്രതിഭ എംഎൽഎ അറിയിച്ചു. മൊബൈൽ ഫോൺ ദുരുപയോഗത്തിൽ നിന്ന് കുട്ടികളെ അകറ്റുന്നതിന് രക്ഷിതാക്കളും മുന്നോട്ട് വരണം. കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്ന തെറ്റായ പ്രവണത രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അവർ അഭിപ്രായപ്പെട്ടു.

തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ നടന്ന നിയമസഭാ സമിതിയുടെ തെളിവെടുപ്പിൽ ഇരുപതോളം പരാതികൾ ലഭിച്ചു. ലഭിച്ച പരാതിയിൽ വേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്ന് നിയമസഭാ സമിതി അംഗങ്ങൾ അറിയിച്ചു. ജില്ലയിലെ രണ്ടു ദിവസത്തെ തെളിവെടുപ്പിൽ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച വിഷയങ്ങളാണ് പരിഗണനയ്‌ക്കെത്തിയത്.

സമിതിയിലെ നാല് എംഎൽഎമാരായ സമിതി ചെയർപേഴ്സൺ യു പ്രതിഭ, ഒ എസ് അംബിക, കെ ശാന്തകുമാരി, ദലീമ ജോജോ എന്നിവരുടെ നേതൃത്വത്തിലാണ് ഗുരുവായൂരിൽ പരാതി പരിഗണിച്ചത്. ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന സിറ്റിങ്ങിൽ എൻ കെ അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, നഗരസഭാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

2021 ജൂണിലാണ് പുതിയ നിയമസഭസമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിവിധ ജില്ലകളിലായി സന്ദർശനങ്ങൾ, പരാതി തീർപ്പാക്കൽ എന്നിവയാണ് സമിതിയുടെ പ്രവർത്തനങ്ങൾ. സംസ്ഥാനത്തുടനീളം വിവിധ വിഷയങ്ങളിലുള്ള ഇടപെടലുകളിലൂടെ പ്രസക്ത വിഷയങ്ങളെ സർക്കാരിൻറെ ശ്രദ്ധയിൽപെടുത്തുകയാണ് സമിതിയുടെ ലക്ഷ്യം. സമിതി ഇതുവരെ 46 ലധികം സിറ്റിങ്ങ് നടത്തി.