'തണലൊരുക്കം' പദ്ധതിയിലൂടെ വീട് നിർമ്മിച്ചു നൽകി താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റ് 'തണലൊരുക്കം' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും പി.ടി.എ ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
വിദ്യാർത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം വരുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളിൽ 42 കോളേജുകൾ കേരളത്തിലാണുള്ളത്. ഇത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ വാപന്നാം പൊയിലിൽ താമസിക്കുന്ന ചാത്തൻ കൊറ്റി അമ്മക്കാണ് ഐ.എച്ച്.ആർ.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റ് വീട് നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. ഡോ.എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.