തൊഴിൽതീരം: തൃശൂർ ജില്ലയിൽ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി നോളജ് ഇക്കോണമി മിഷൻ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരം സംഘാടക സമിതി രൂപീകരിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തൃശൂർ ജില്ലയിൽ മണലൂർ നിയോജകമണ്ഡലത്തിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.
മുരളി പെരുനെല്ലി എംഎൽഎയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇ എം എസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ ചെയർമാനായും ജില്ലാ പ്രോഗ്രാം മാനേജർ സിതാര കൺവീനർ ആയും സംഘാടക സമിതി രൂപീകരിച്ചു. തൊഴിൽതീരം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്തു. ജൂൺ 28ന് മുൻപായി പഞ്ചായത്തുകളിൽ നിന്നുള്ള കമ്മ്യൂണിറ്റി വളണ്ടിയർമാരെ തെരഞ്ഞെടുത്തു നൽകാനും ജൂൺ 30ന് കമ്മ്യൂണിറ്റി വളണ്ടിയർമാർക്കുള്ള പരിശീലനം വാടാനപ്പിള്ളി ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടത്താനും തീരുമാനമായി.
മണലൂർ നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർത്ഥികൾക്ക് നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കുവാനായുള്ള പദ്ധതിയാണ് തൊഴിൽ തീരം. പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കി തീരദേശ ജനങ്ങൾക്കിടയിൽ തൊഴിൽലഭ്യമാക്കുകയാണ് ലക്ഷ്യം.
ചടങ്ങിൽ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു അധ്യക്ഷയായി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, നോളജ് മിഷൻ ഉദ്യോഗസ്ഥരായ സുമി, ശ്രീകാന്ത്, കെ ജെ സിതാര, മറ്റു ജനപ്രധിനിധികൾ ഫിഷറീസ്, തൊഴിൽ, വ്യാവസായിക വകുപ്പ് ഉദ്യോഗസ്ഥർ,കുടുംബശ്രീ, അസാപ്, ഐസിടി അക്കാദമി പ്രതിനിധികൾ,വിവിധ സംഘടനാ പ്രതിനിധികൾ,തീരദേശ വോളന്റിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.