ഇനി മാലിന്യമില്ല, പകരം മല്ലിപ്പൂ...!
 
                                                തൃശൂർ ജില്ലയിലെ നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ നാഷണൽ ഹൈവേ ഓവർ ബ്രിഡ്ജിന് സമീപം ഇനി മലിന്യമല്ല, പകരം ചെണ്ടുമല്ലി പൂക്കും. മാലിന്യപൂരിതമായിരുന്ന ഇടങ്ങൾ വൃത്തിയാക്കിയ ശേഷം ഓരങ്ങളിലാകെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലിത്തൈകൾ നട്ടു. 500 തൈകളാണ് നട്ടത്.
മാലിന്യമുക്തവും സൗന്ദര്യപൂർണ്ണവുമായ പാതയോരങ്ങളാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. 650ഓളം മീറ്റർ ദൂരത്തിൽ ആദ്യഘട്ടം നടപ്പിലാക്കും. തുടർന്ന് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന നാലര കിലോമീറ്ററോളം ദേശീയപാതയോരങ്ങളിലായി പദ്ധതി വികസിപ്പിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. മാലിന്യം തള്ളുന്നത് തടയുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി പാതയോരങ്ങളിൽ ഇരുമ്പ് വേലിയും സ്ഥാപിച്ചു.
പാലിയേക്കര ദേശീയ പാതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ് തൈ നട്ടു കൊണ്ട് ഉദ്ഘാടനും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ബൈജു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല മനോഹരൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സജിൻ എംബി, കെ വി ഷാജു, ഭദ്ര മനു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.അജിത, കില ഫാക്കൽറ്റി വിധ്യാദരൻ, ധന്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി വിജയലക്ഷ്മി, കൃഷി ഓഫീസർ എം.സി രേഷ്മ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചിത്വ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.










