കൊറോണ പ്രതിരോധത്തിന് ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം

post

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ജില്ലാ ഭരണകൂടം വിവിധ ടീമുകള്‍ രൂപീകരിച്ച് ഊര്‍ജ്ജിത പ്രവര്‍ത്തനമാണ് നടത്തുന്നത്. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ എല്ലാ ദിവസവും യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു.  പൊതുജനങ്ങളെ സഹായിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, ആംബുലന്‍സും മറ്റു വാഹനങ്ങളും എത്തിക്കുന്നതിനായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ആംബുലന്‍സ് ടീം, രോഗബാധയുണ്ടായവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും അന്വേഷണത്തിനും ഇന്‍വെസ്റ്റിഗേഷന്‍ ടീം, സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കുന്നതിനായി പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം, വിമാനത്താവളങ്ങളിലെ സേവനത്തിനായി എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ടീം, നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജ്‌മെന്റ് ടീം, മാനസിക പിന്തുണക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം, സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ കോ ഓര്‍ഡിനേഷന്‍ ടീം, മീഡിയ സര്‍വയലന്‍സ് ടീം, പ്രാദേശിക തലത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഫീല്‍ഡ് ലെവല്‍ വോളന്റിയര്‍ കോഓര്‍ഡിനേഷന്‍ ടീം, സര്‍വയലന്‍സ് ടീം തുടങ്ങി വിവിധ ടീമുകളായാണ് പ്രവര്‍ത്തനം.

ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായരാണ് കംപ്ലയന്‍സ് ടീമിനെ നയിക്കുന്നത്. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ടീമുകളുടെ പ്രവര്‍ത്തന വിവരം  നല്‍കുന്നുണ്ട്. സഹായങ്ങള്‍ക്കും വിവരങ്ങളറിയിക്കാനും കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ (നമ്പര്‍: 1077) വിളിക്കാം. 

നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. നിബന്ധന പാലിക്കാത്തവര്‍ പൊതുസ്ഥലങ്ങളില്‍ കറങ്ങിനടന്നാല്‍ ഫോട്ടോയെടുത്ത് 9188 610 100 എന്ന വാട്‌സ് ആപ്പ് നമ്പരിലോ 1077 ലോ അറിയിക്കാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.