ഗിരിജയ്ക്കും കുടുംബത്തിനും അതിജീവനത്തിന് കരുത്തായി പട്ടയം
 
                                                കാൻസർ ബാധിതയായി രണ്ടു മക്കളെയും കൊണ്ട് ജീവിതത്തിനു മുമ്പിൽ പകച്ചുനിൽക്കുന്ന പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി മാടത്തിങ്കൽ വീട്ടിൽ ഗിരിജയ്ക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. ഗിരിജയുടെയും കുടുംബത്തിന്റെയും ഏറെ നാളത്തെ ആവശ്യമായിരുന്ന പട്ടയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വീട്ടിലെത്തി നേരിട്ട് കൈമാറി.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളുടെയും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകന്റെയും ഏക ആശ്രയം അമ്മ ഗിരിജയാണ്. കാൻസർ ബാധിതനായി ഗിരിജയുടെ ഭർത്താവ് ഉദയകുമാർ മരണമടഞ്ഞത് കുറച്ചുനാളുകൾക്കു മുമ്പാണ്. കയറിക്കിടക്കാൻ സ്വന്തമായി ഒരിടം ഇല്ലെന്ന ആധിയിലായിരുന്നു സ്തനാർബുദ രോഗബാധിതയായ ഗിരിജ. തന്റെ കാലശേഷം മക്കൾക്ക് സ്വന്തമെന്ന് പറയാൻ പട്ടയമുള്ള ഭൂമി ദീർഘനാളുകളായുള്ള ഗിരിജയുടെ ആഗ്രഹമായിരുന്നു.
ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിൽ ആരോഗ്യസ്ഥിതി ഗൗനിക്കാതെ അടുത്തുള്ള ആയുർവേദ മെഡിക്കൽഷോപ്പിൽ ജോലിക്ക് പോവുകയാണ് ഇപ്പോഴിവർ. അവിടെ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും സുമനസ്സുകളുടെ സഹായവുമാണ് ഇതുവരെയുള്ള ഇവരുടെ ജീവിതത്തിന് താങ്ങായത്. മന്ത്രി നേരിട്ട് എത്തി പട്ടയം നൽകിയത് ഗിരിജയ്ക്കും കുടുംബത്തിനും അതിജീവനത്തിന്റെ പാതയിലേക്ക് കടക്കാനുള്ള ആത്മവിശ്വാസമായി. ഗിരിജയുടെ ജീവിതത്തിനു ഓരോ പടിയും ചവിട്ടികയറാനുള്ള ഊർജമായി മാറുകയായിരുന്നു സർക്കാർ നൽകിയ പട്ടയം.










