വികസന കുതിപ്പിൽ തളിപ്പറമ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

post

രണ്ട് സ്‌കൂളുകളുടെ പുതിയ കെട്ടിടം ഉദ്ഘാടനം 11ന്

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ അടിസ്ഥാന സൗകര്യ രംഗത്ത് നേടിയത് വലിയ പുരോഗതി. മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളുടെ പുതിയ കെട്ടിടം ഉദ്ഘാടനവും ഒരു കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും ജൂൺ 11ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് കോടി രൂപ ചെലവിൽ നിർമ്മിച്ച വടക്കാഞ്ചേരി എൽ പി സ്‌കൂൾ കെട്ടിടവും ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കാലിക്കടവ് ഹൈസ്‌കൂൾ കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്യുക. മൂന്ന് കോടി രൂപ ചെലവിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനാവും.

രണ്ട് കോടി രൂപ ചെലവിൽ നിർമിക്കുന്ന പനക്കാട് എൽ പി സ്‌കൂൾ, പെരുമാച്ചേരി എൽ പി സ്‌കൂൾ എന്നിവയുടെ കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. കോടല്ലൂർ ജി എൽ പി സ്‌കൂൾ കെട്ടിടം, ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ മോറാഴ മൂന്ന് കോടി, ഗവ ഹൈസ്‌കൂൾ തടിക്കടവ് ഒരു കോടി, ഗവ ഹൈ സ്‌കൂൾ കുറ്റ്യേരി ഒരു കോടി, ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ ചട്ടുകപ്പാറ 1.30 കോടി, ടാഗോർ വിദ്യാനികേതൻ മൂന്ന് കോടി, ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ കുറുമാത്തൂർ ഒരു കോടി, ഗവ.മാപ്പിള യു പി സ്‌കൂൾ തളിപ്പറമ്പ് രണ്ട് കോടി, ഗവ എൽ പി സ്‌കൂൾ ചേലേരി രണ്ട് കോടി, ഗവ ഹൈസ്‌കൂൾ ചെറിയൂർ 1.85 കോടി, മയ്യിൽ ഹയർ സെക്കണ്ടറി സ്‌കൂൾ 1.50 കോടി, മലപ്പട്ടം ഹയർ സെക്കണ്ടറി സ്‌കൂൾ ഒരു കോടി, കെ കെ എൻ പരിയാരം സ്മാരക ഹയർ സെക്കണ്ടറി സ്‌കൂൾ 5.5 കോടി തുടങ്ങി 30 കോടിയിലധികം തുകയുടെ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലായി നടക്കുകയാണ്.

മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും ഈ മാറ്റം പഠന രംഗത്ത് കുട്ടികൾക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.