വര്‍ണാഭമായി പത്തനംതിട്ട ജില്ലാതല പ്രവേശനോത്സവം

വിദ്യാര്‍ത്ഥികള്‍ ആരോഗ്യത്തിന്റെ അംബാസഡര്‍മാരാകണം: മന്ത്രി വീണാജോര്‍ജ്
കടമ്മനിട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ സമര്‍പ്പണവും പത്തനംതിട്ട ജില്ലാതലപ്രവേശനോത്സവ ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാജോര്‍ജ് നിർവഹിച്ചു. വിദ്യാര്‍ത്ഥികള്‍ ആരോഗ്യത്തിന്റെ അംബാസഡര്‍മാരാകണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് പൊതുവിദ്യാഭ്യാസവകുപ്പുമായി കൈകോര്‍ത്ത് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഇതിലൂടെ ഉറപ്പാക്കും. ശാരീരിക മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളം മുഴുവന്‍ പ്രവേശനോത്സവദിനത്തില്‍ ഉത്സവപ്രതീതിയാണ്. കടമ്മനിട്ട സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നസാക്ഷാത്ക്കാരത്തിന്റെ നിമിഷമാണ്. വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയെന്ന വലിയ ആവശ്യമാണ് സാക്ഷാത്ക്കരിച്ചത്. ഇതിനായി മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റേയും ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടേയും മികച്ച ഇടപെടലുകള്‍ ഉണ്ടായി. കടമ്മനിട്ട ഒന്നടങ്കം ഈ പ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി അണിനിരന്നു. കടമ്മനിട്ടയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനസൗകര്യമേഖലയില്‍ വികസനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രി നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലയില്‍ ഇനിയും സ്മാര്‍ട്ട്ക്ലാസ് റൂമുകള്‍ നിര്‍മിക്കാനുള്ള പ്രവർത്തികൾ വേഗത്തില്‍ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
പുതുതായി സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ജീവിതകാലയളവില്‍ നന്നായി ചിന്തിക്കാനും, പഠിക്കാനും നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുവാനും വിദ്യാലയത്തിലെ അന്തരീക്ഷം അവസരമൊരുക്കണം. അതിനായി രക്ഷകര്‍ത്താക്കളും അധ്യാപകരും പങ്കാളികളാകണമെന്നും ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും അവര്‍ക്ക് വ്യത്യസ്തമായ കഴിവുകളാണുള്ളതെന്നും തിരിച്ചറിഞ്ഞ് പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഊര്‍ജത്തെ അടിച്ചമര്‍ത്തുന്ന വിദ്യാഭ്യാസരീതിയല്ല അതിനെ ഉണര്‍ത്തുന്ന വിദ്യാഭ്യാസരീതിയാണ് വേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പുസ്തകങ്ങളും പാട്ടുകളും കളികളും കഥകളുമായി പഠനം പാല്‍പായസം പോലെ ആസ്വദിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും കഴിയണമെന്നും പ്രവേശനോത്സവം സ്‌നേഹത്തിന്റെ ഉത്സവമായി ഓരോ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും നിറഞ്ഞ് കവിയണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസനാധിപന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, ജില്ലാപഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, വൈസ്പ്രസിഡന്റ് പ്രകാശ് കുമാര്‍ തടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.പി. ഏബ്രഹാം, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബിദാ ബായി, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റസിയ സണ്ണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീലാകുമാരിയമ്മ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.