സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കാൻ നിറചിരിയോടെ കുരുന്നുകളെത്തി

post

മധ്യവേനല്‍ അവധിയുടെ ആര്‍ത്തുല്ലാസങ്ങള്‍ മാറ്റിവെച്ച് കുരുന്നുകള്‍ നിറചിരിയും പുത്തന്‍ ഉടുപ്പുമായി വിദ്യാലയങ്ങളില്‍ കലപില കൂട്ടുവാന്‍ ഓടിയെത്തി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചവറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സുജിത്ത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിച്ചു. ജനങ്ങള്‍ പൊതു വിദ്യാലയങ്ങളെ അംഗീകരിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്‌തെന്നും ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല അധ്യാപകരുടെ മികച്ച പ്രവര്‍ത്തനം കൂടി ചേരുമ്പോഴാണ് മികവിന്റെ വിദ്യാലയങ്ങള്‍ രൂപം കൊള്ളുന്നതെന്നും എം എല്‍ എ പറഞ്ഞു.

അധ്യാപകനായ കുരീപ്പുഴ ഫ്രാന്‍സിസ് എഴുതി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന് പ്ലസ് ടു വിദ്യാര്‍ഥിനി അപൂര്‍വ സുരേഷ് ചുവടു വച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. പുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസമെന്നും വ്യക്തിത്വ വികസനത്തിന് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി സുധീഷ് കുമാര്‍, എസ് സോമന്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജോസ് വിമല്‍ രാജ്, ഗ്രാമ പഞ്ചായത്ത് അംഗം ലിന്‍സി ലിയോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ ഷാജി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷാജിമോന്‍, ഡി പി സി എസ് എസ് എ സജീവ് തോമസ്, വി എച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഒ എസ് ചിത്ര, ചവറ എ ഇ ഒ പി സജി , പി ടി എ പ്രസിഡന്റ് ടി ജയജിത്, എസ് എം സി ചെയര്‍മാന്‍ ശ്രീവല്ലഭന്‍, പ്രിന്‍സിപ്പാള്‍ പി അര്‍ച്ചന, പ്രധാനാധ്യാപിക ടി കെ അനിത കുമാരി ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.