കോവിഡ് 19 : മതിലകത്ത് 9 പേരുടെ ഫലം നെഗറ്റീവ്; ഐസൊലേഷനില്‍ രണ്ടുപേര്‍ മാത്രം

post

തൃശ്ശൂര്‍ : മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണത്തിലിരുന്ന 11 പേരില്‍ ഒന്‍പത് പേരുടെയും ഫലം നെഗറ്റീവ്. ഇതോടെ ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഇതില്‍ ഒരാള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലും മറ്റൊരാള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് സ്ഥിരീകരിച്ച യുവാവിനോടൊപ്പമുണ്ടായിരുന്ന ബന്ധുവും നെഗറ്റീവ് ഫലം ലഭിച്ചവരില്‍ ഉള്‍പ്പെടും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1013 ആണ്. 274-കൂളിമുട്ടം, 168-കയ്പമംഗലം, 158- മാടവന, 146 ചാമക്കാല, 136- പെരിഞ്ഞനം, 106- പടിഞ്ഞാറേ വെമ്പല്ലൂര്‍, 75-എടവിലങ്ങ് എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവരെ നിയമാനുസൃതം നേരിടണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പൊലീസിന് നിര്‍ദേശം നല്‍കി. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസറും അറിയിച്ചു. ഹാന്‍ഡ് സാനിറ്റൈസറിന്റെ കുറവ് നികത്താനുള്ള ശ്രമങ്ങളും ആരംഭിക്കും. ദിവസേന വാര്‍ഡുതല കമ്മിറ്റി കൂടി പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. പെരിഞ്ഞനം സിഎച്ച്‌സി, ചാമക്കാല, കയ്പമംഗലം, പി വെമ്പല്ലൂര്‍ പിഎച്ച്‌സികള്‍, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, എറിയാടുള്ള പഴയ കരിക്കുളം ആശുപത്രി എന്നിവ പരിശോധിച്ച് അത്യാവശ്യ ഘട്ടം വന്നാല്‍ ചികിത്സക്കുള്ള സൗകര്യം മുന്‍കൂറായി ഒരുക്കാന്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡിജിറ്റല്‍ ടെമ്പറേച്ചര്‍, സ്‌കാനര്‍ എന്നിവ കൂടുതലായി വാങ്ങുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്നവരുടെ വിവരങ്ങള്‍ ഡിഎംഒയില്‍ നിന്ന് ശേഖരിച്ച് പൊലീസിന് കൈമാറണം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പും പൊലീസും കൂടുതലായി ബോധവല്‍ക്കരണം നടത്തണം. സാമൂഹ്യ വ്യാപനം തടയുവാന്‍ പൊതുപരിപാടികളും മതപരമായ പരിപാടികളും ഒഴിവാക്കണം. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത സാഹചര്യത്തില്‍ മൈക്രോ സംരംഭങ്ങള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകളില്‍ ഇളവ് ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, വൈസ് പ്രസിഡന്റ് ലൈന അനില്‍, പെരിഞ്ഞനം സി എച്ച് സി സൂപ്രണ്ട് ഡോക്ടര്‍ സാനു എം പരമേശ്വരന്‍, മതിലകം എസ്‌ഐ സൂരജ് കെ എസ്, കൊടുങ്ങല്ലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഈസാബിന്‍ അബ്ദുള്‍ കരീം, മതിലകം പോലീസ് സ്റ്റേഷന്‍ സി പി ഒ അജന്ത കെ ആര്‍, പി എം ഹസ്സന്‍, ടി എം ജ്യോതി പ്രകാശന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.