സ്‌കൂള്‍ തുറക്കല്‍: മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

post

വേനലവധിക്ക് ശേഷം അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം. വിദ്യാര്‍ഥികളുടെ സുരക്ഷ, ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ പൊലീസ് പട്രോളിങ്, പരിശോധനകള്‍, റോഡ് സുരക്ഷ എന്നിവ ഉറപ്പാക്കണം. തിരക്കുള്ള ജങ്ഷനുകളില്‍ റോഡ് മുറിച്ചുകടക്കല്‍, തിരക്ക് നിയന്ത്രിക്കൽ തുടങ്ങിയവയ്ക്ക് ഹോം ഗാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് പ്രത്യേക പട്രോളിങ് സംവിധാനം സജ്ജമാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിരന്തര പരിശോധനയും ബോധവത്ക്കരണവും നടത്തണം. തെന്മലയിൽ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാലവര്‍ഷം കണക്കിലെടുത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംവിധാനം താത്ക്കാലികമായി ക്രമീകരണമെന്നും ഇവിടെ സ്ഥിരം യൂണിറ്റ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുനലൂര്‍ താലൂക്കാശുപത്രിയിലെ ഒഴിഞ്ഞ തസ്തികകളില്‍ നിയമനം നടത്തണം. അഡ്‌ഹോക്ക് വ്യവസ്ഥപ്രകാരം നഴ്‌സുമാരെ നിയോഗിക്കണം. അച്ചന്‍കോവില്‍ പി എച്ച് സിയില്‍ കിടത്തിചികിത്സ തുടങ്ങണമെന്നും ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്ന സാഹചര്യത്തില്‍ പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഉദ്യോസ്ഥനെ നിയോഗിക്കണമെന്ന് ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു. അങ്കണവാടികളെ സ്മാര്‍ട്ടാക്കുന്ന പൊന്‍കിരണം പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാനും ജനസൗഹൃദ സര്‍ക്കാര്‍ ഓഫീസുകള്‍ സാധ്യമാക്കുന്ന 'ജനപക്ഷം ചാത്തന്നൂര്‍' പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കൃഷിനാശം ഉണ്ടായ മേഖലകള്‍ സന്ദര്‍ശിക്കാത്ത കൃഷി ഓഫീസര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. മണ്‍റോത്തുരുത്തില്‍ എത്തിച്ച ട്രാന്‍സ്‌ഫോര്‍മര്‍ ഉടനെ സ്ഥാപിക്കാനും നിര്‍ദേശിച്ചു.

കോര്‍പറേഷന്‍ പരിധിയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും അമിതകൂലി ഈടാക്കിയും ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ടായി. ഗുണഭോക്താകള്‍ക്ക് റേഷന്‍കടകളില്‍ നിന്നും പ്രതിമാസം ലഭ്യമാകുന്ന സാധനങ്ങളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലയിലുള്ള ആംബുലന്‍സുകളുടെ ഫിറ്റ്‌നറ്റ് പരിശോധന, ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ എന്‍ ഒ സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ നിയമനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ഉന്നയിച്ചു. മണ്‍ട്രോത്തുരുത്ത് വിനോദസഞ്ചാര സാധ്യതകള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ ഡി ടി പി സി സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കാലവര്‍ഷം അടുക്കുന്ന സാഹചര്യത്തില്‍ തോട്, കനാല്‍ എന്നിവ ശുചീകരിച്ച് ജലമൊഴുക്ക് സുഗമമാക്കണം. വഴിയോരങ്ങളിലെ അനധികൃത കച്ചവടം, പാര്‍ക്കിങ് തുടങ്ങിയ ഒഴിപ്പിക്കണമെന്നും ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനം രണ്ടാംഘട്ടം ഊര്‍ജിതമാക്കണമെന്നും നിർദ്ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ആര്‍ ബീനാറാണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.