കൊല്ലം ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു

post

സമഗ്രവികസനത്തില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ആശ്രാമം മൈതാനിയില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സമഗ്രവികസനത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. വികസന തുടര്‍ച്ചയുടെ സര്‍ക്കാരാണിത്. പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ രാജ്യത്ത് ഒന്നാമതായി. പാലുല്‍പാദനത്തിലെ കുറവ് മറികടക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. കേരളത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനമധ്യത്തില്‍ എത്തിക്കാന്‍ എന്റെ കേരളം മേളയിലൂടെ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ ഭാഗമായി മികച്ച പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സമാപന ചടങ്ങില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിതരണം ചെയ്തു. ദൃശ്യമാധ്യമ രംഗത്ത് സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം അമൃത ടിവിയും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ കണ്ണന്‍ നായരും കരസ്ഥമാക്കി. ഏഷ്യാനെറ്റ് ന്യൂസിലെ വി അരവിന്ദ് മികച്ച ക്യാമറാമാനായി. അച്ചടിമാധ്യമ രംഗത്ത് സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം മാധ്യമം ദിനപത്രം കരസ്ഥമാക്കി. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനി റിപ്പോര്‍ട്ടറായ പി ആര്‍ ദീപ്തിയും, മികച്ച ഫോട്ടോഗ്രാഫറായി കേരളകൗമുദിയിലെ ശ്രീധര്‍ലാലും തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റാളുകള്‍ക്ക് അവാര്‍ഡ് നല്‍കി

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച തീം, വിപണന സ്റ്റോളുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിതരണം ചെയ്തു. തീം സ്റ്റാള്‍ വിഭാഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പോലീസ് വകുപ്പും മൂന്നാം സ്ഥാനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സ്വന്തമാക്കി. മികച്ച വിപണന സ്റ്റാളിനുള്ള പുരസ്‌കാരം ചവറ എഫ് സി എം സിയും രണ്ടാം സ്ഥാനം ഓയൂര്‍ കെ കെ ബീ ഫാമും സ്വന്തമാക്കി. മികച്ച സേവന സ്റ്റാളായി ഐ ടി മിഷന്‍ സ്റ്റാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഘോഷയാത്രയിലെ മികച്ച സംഘമായി കാര്‍ഷികവികസന-കാര്‍ഷികക്ഷേമ വകുപ്പ് അവാര്‍ഡിന് അര്‍ഹരായി.