കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

post

കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്നും 1.73 കോടി രൂപ ചെലവഴിച്ചാണ് പുതിയ സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആകെ 589.93 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഇരു നിലകളിലായാണ് ഓഫീസ് മന്ദിരം യാഥാർത്ഥ്യമായിരിക്കുന്നത്. അത്യാധുനിക നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന കെട്ടിടത്തിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കോതമംഗലം നഗരസഭ, നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ എന്നീ ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ വകുപ്പിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ആധാരങ്ങളും മുന്നാധാരങ്ങളും ഡിജിറ്റൽ വത്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനകം ആറ് ജില്ലകളിൽ ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തി കുറ്റമറ്റ രീതിയിൽ വകുപ്പിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.