റെക്കോർഡ് വരുമാനവുമായി പൊന്നാനിയിലെ എന്റെ കേരളം വിപണനമേള

post

ആറ് ദിവസത്തിനിടെ 68 ലക്ഷവും കടന്ന് വിറ്റുവരവ്

ജനപങ്കാളിത്തം കൊണ്ട് പുതുചരിത്രം രചിച്ച മലപ്പുറത്തെ പൊന്നാനിയിലെ 'എന്റെ കേരളം' പ്രദർശന വിപണനമേളയിൽ വിൽപ്പന വരുമാനത്തിലും റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ വിപണനസ്റ്റാളുകളും ഫുഡ്കോർട്ടും ആറ് ദിവസത്തെ വിൽപനയിലൂടെ 68,077,67 രൂപയുടെ റെക്കോർഡ് വരുമാനം സ്വന്തമാക്കി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി സ്‌കൂളിൽ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശന വിപണന ഭക്ഷ്യ മേളയിലാണ് തകർപ്പൻ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. മെയ് 10ന് ആരംഭിച്ച മേളയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

വിവിധ വകുപ്പുകളുടെയും വ്യവസായ വകുപ്പിന്റെ വിവിധ സംരംഭക യൂണിറ്റുകളടക്കമുള്ള 109 വിപണന സ്റ്റാളുകളിലൂടെ 40 ലക്ഷം രൂപയുടെ വരുമാനവും കുടുംബശ്രീയുടെ 16 വിപണന സ്റ്റാളുകളിൽ 4,41,907 രൂപയും കുടുംബശ്രീയുടെ തന്നെ ഫുഡ് കോർട്ടിലൂടെ 10,48,450 രൂപയും ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി ഫുഡ്കോർട്ടിൽ 95,725 രൂപയുടെ വിൽപ്പനയും മിൽമയുടെ ഔട്ട്ലെറ്റിൽ 2,26,000 രൂപയുടെ വിൽപ്പനയും നടന്നിട്ടുണ്ട്. മേളയിൽ ഏറെ ജനത്തിരക്കേറിയ സപ്ലൈക്കോ ഔട്ട്‌ലെറ്റിൽ 8,21,485 രൂപയുടെ വരുമാനമുണ്ടായി. വെളിച്ചെണ്ണയായിരുന്നു ഇവിടത്തെ സ്റ്റാർ ഐറ്റം. ഇതിനു പുറമേ പാലിയേറ്റീവ്, പ്രതീക്ഷാഭവൻ തുടങ്ങിയ വിവിധ യൂണിറ്റുകൾ ഒരുക്കിയ സ്റ്റാളുകളിലും റെക്കോർഡ് വരുമാനം നേടാനായി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള 125 സംരംഭക യൂണിറ്റുകളും കുടുംബശ്രീ യൂണിറ്റുകളും മറ്റ് വകുപ്പുകളുടെ സ്റ്റാളുകളുമാണ് വിപണനമേളയിൽ പങ്കെടുത്തിരുന്നത്. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ പുസ്തക വിൽപ്പനയിലൂടെ 12,000 രൂപയുടെ വിറ്റുവരവും നേടാനായി. കുടുംബശ്രീയുടെ എസ്.വി.ഇ.പി യൂണിറ്റാണ് എറ്റവും കൂടുതൽ വരുമാനം നേടിയത്. എൻ.ആർ ഫുഡ്, ജി.കെ അഗ്രാ ഫാം എന്നിവയും മികച്ച നേട്ടം കൈവരിച്ചു. പൊന്നാനിയുടെ തനത് വിഭവങ്ങൾ പരിചയപ്പെടുത്തിയ നഗരസഭയുടെ നേതൃത്വത്തിലുള്ള അപ്പങ്ങളെമ്പാടും സ്റ്റാളിൽ 1,38,870 രൂപയുടെ വരുമാനം ലഭിച്ചു.

കപ്പ ബിരിയാണി, സൊലൈ മിലൻ, വനസുന്ദരി, വിവിധ തരം റൈസുകൾ, ചിക്കൻ പൊട്ടിത്തെറിച്ചത്, കരിംജീരക കോഴി, നൈസ് പത്തിരി, പഴം നിറച്ചത്, കുഞ്ഞിത്തലയണ, ഉന്നക്കായ, കിളിക്കൂട്, ശിഖാഞ്ചി സോഡ, വിവിധ തരം ജ്യൂസുകൾ, ലെസ്സി, പാനീപൂരി തുടങ്ങിയ നിരവധി വൈവിധ്യമാർന്ന രുചിവിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ ജനങ്ങളെ ആകർഷിച്ചത്. ഫിഷറീസ് വകുപ്പ് തീരമൈത്രിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ മത്സ്യവിഭവങ്ങൾ ഒരുക്കിയും ജനങ്ങളെ ആകർഷിച്ചിട്ടുണ്ട്.

സർക്കാറിന്റെ സംരംഭക സഹായ പദ്ധതികളും മികച്ച പിന്തുണയും പ്രോത്സാഹനവും ഇവർക്ക് കൈത്താങ്ങായി. സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ പ്രയോജന പ്രദമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനും മേള അവസരം നൽകിയതായി മേളയിൽ പങ്കെടുത്ത സംരംഭകർ പറഞ്ഞു.