'കരുതലും കൈത്താങ്ങും': നിലമ്പൂർ താലൂക്കിൽ തീർപ്പാക്കിയത് 101 പരാതികൾ

post

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി നിലമ്പൂർ താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് തല അദാലത്തുകൾ സുതാര്യതയുടെയും അഴിമതിരഹിത ഭരണത്തിന്റെയും തെളിവാണെന്ന് മന്ത്രി പറഞ്ഞു. അഴിമതി ഉൾപ്പടെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ജനമധ്യത്തിലിറങ്ങി അവരുടെ പരാതികൾ നേരിട്ട് മനസ്സിലാക്കുന്നതിനും തുടർ നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് മന്ത്രിമാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള താലൂക്ക്തല അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, പി.വി അൻവർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ 733 പരാതികളാണ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 101 പരാതികളിൽ അനുകൂലമായ തീർപ്പുണ്ടാക്കി. പുതുതായി 541 പരാതികളാണ് ലഭിച്ചത്. ഇതിൽ 20 പരാതികൾ ഉടൻ പരിഹരിച്ചു. ശേഷിക്കുന്ന പരാതികളിൽ ഒരാഴ്ച മുതൽ രണ്ടാഴ്ച സമയ പരിധിക്കുള്ളിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളെ ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റുന്നതിനും ചികിത്സാ സഹായത്തിനുമായി മുപ്പതോളം അപേക്ഷകരാണുണ്ടയിരുന്നത്. വനം, കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. അദാലത്തിൽ പി.വി അൻവർ എം.എൽ.എ അധ്യക്ഷനായി. പി.വി അബ്ദുൽവഹാബ് എം.പി, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് കളക്ടർ കെ.എസ് അഞ്ജു, സബ് കളക്ടർ ശ്രീധന്യ സുരേഷ്, നിലമ്പൂർ നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം, നഗരസഭ കൗൺസിലർ എ.പി ഖൈറുന്നിസ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


പെരിന്തൽമണ്ണ താലൂക്ക്തല അദാലത്ത് മെയ് 18 നു പെരിന്തൽമണ്ണയിൽ നടക്കും. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലാണ് പെരിന്തൽമണ്ണ താലൂക്ക്തല അദാലത്ത് നടക്കുക. തിരൂരിൽ 22ന് വാഗൺ ട്രാജഡി ടൗൺ ഹാളിലും പൊന്നാനിയിൽ 23ന് എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിലും തിരൂരങ്ങാടിയിൽ 25ന് തൃക്കുളം ഗവ. ഹൈസ്‌കൂളിലും കൊണ്ടോട്ടിയിൽ 26ന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലുമാണ് താലൂക്ക് തല അദാലത്തുകൾ നടത്തുന്നത്.