എ.സി റോഡിന്റെ നിര്‍മ്മാണം 75 ശതമാനം പൂര്‍ത്തിയായി; ലോക ബാങ്ക് സംഘം പുരോഗതി വിലയിരുത്തി

post

സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ വികസന പദ്ധതികളില്‍ ഒന്നായ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ നിര്‍മാണം 75 ശതമാനം പൂര്‍ത്തിയായി. കിടങ്ങറ, നെടുമുടി എന്നീ പ്രധാന പാലങ്ങളുടെയും നാല് ഫ്‌ളൈ ഓവറുകളുടെയും 95 ശതമാനവും പണികള്‍ പൂര്‍ത്തിയായി. 14 ചെറിയ പാലങ്ങളില്‍ 11 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ള മൂന്നു പാലങ്ങളുടെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇവ പൂര്‍ത്തിയാകുന്നതോടെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പൂര്‍ണമായി സഞ്ചാര യോഗ്യമാകും.

ലോക ബാങ്ക് സംഘം എ.സി റോഡ് സന്ദര്‍ശിച്ചു

എ.സി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്താനായി ലോക ബാങ്ക് സംഘം എത്തി. റീബില്‍ഡ് കേരളയുടെ കീഴില്‍ കെ.എസ്.ടി.പി.യും യു.എല്‍.സി.സി.യും ചേര്‍ന്ന് നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുന്ന എ.സി റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ സംഘം വിലയിരുത്തി. മാര്‍ട്ടിന്‍ റെയ്സര്‍, ഇന്ത്യയിലെ വേള്‍ഡ് ബാങ്ക് പ്രതിനിധി അഗസ്റ്റി റ്റാനോ കൊയ്മെ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ തലവന്മാരും ഉണ്ടായിരുന്നു. വൻ തോതിലുള്ള അടിസ്ഥാന സൗകര്യവികസനം നടക്കുമ്പോള്‍ ജനങ്ങളുടെ അനുഭവങ്ങളും കൂടി പരിഗണിക്കണമെന്നുള്ളതാണ് ലോക ബാങ്കിന്റെ പുതിയ കാഴ്ച്ചപാട്. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഇത്തരം വികസന പദ്ധതികള്‍ നടക്കുമ്പോള്‍ സന്ദര്‍ശനത്തിന്റെ അനുഭവം കൂടി പരിഗണിക്കുമെന്ന് സംഘത്തലവനായ ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍ പറഞ്ഞു.

ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിന്റെ സാമൂഹിക സാധ്യതകളും വേള്‍ഡ് ബാങ്ക് സംഘം വിലയിരുത്തി. നിര്‍മ്മാണത്തിലുളള ആലപ്പുഴ - ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേയുടെ വിവിധ ഭാഗങ്ങളിലെ ക്രോസ് ഡ്രൈനേജ് സിസ്റ്റവും കള്‍വെര്‍ട്ടുകളും സംബന്ധിച്ച വിവരങ്ങളും സംഘം പരിശോധിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള നെല്‍കൃഷി സംബന്ധിച്ചും അവിടേക്ക് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് വിവിധയിടങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ഷട്ടറുകളും നിര്‍മ്മാണ പ്രവര്‍ത്തികളും സംഘം ചോദിച്ചറിഞ്ഞു. പ്രാഥമിക യോഗം ചേര്‍ന്ന് റോഡിന്റെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി. ചങ്ങനാശ്ശേരി പെരുന്നയിലെ യാര്‍ഡ് സന്ദര്‍ശിച്ച സംഘം ഇവിടുത്തെ തൊഴിലാളികളുമായും സംസാരിച്ചു.