വേലൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ യാഥാർത്ഥ്യമാകുന്നു

post

തൃശൂർ വേലൂർ ഗ്രാമ പഞ്ചായത്തിലെ (തളിർ) ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം യാഥാർത്ഥ്യമാകുന്നു. 18 വയസു കഴിഞ്ഞ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന കുട്ടികൾക്ക് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രം (ബി.ആർ.സി) ആശ്വാസമാകും. ഭിന്നശേഷിക്കാരെ പരാശ്രയത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനം വഴി ലക്ഷ്യമിടുന്നത്. 32 കുട്ടികളാണ് ബിആർസിയിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്.

കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി ചെറിയ സ്വയം സംരംഭങ്ങൾക്കുള്ള പരിശീലനവും ഇവിടെ നൽകും. എൽഇഡി ബൾബ് നിർമ്മാണം, മോപ്പ് നിർമ്മാണം എന്നീ പരിശീലനങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഒരു അധ്യാപകയുടെയും ഒരു ആയയേയുടെയും മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ.

പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പിന്നിൽ 30 സെന്റ് സ്ഥലത്താണ് ബി ആർ സി കെട്ടിടം ഒരുക്കിയിട്ടുള്ളത്. അതു കൊണ്ടു തന്നെ കുട്ടികൾക്ക് പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും കഴിയും. 60ഓളം കുട്ടികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം, സ്റ്റബിലിറ്റി ട്രയ്നർ, കമ്പ്യൂട്ടർ, ഫിംഗർ എക്സർസൈസർ, ഹാൻഡ് എക്സൈസ് വെബ്, ഷോൾഡർ പുള്ളി, പെഡൽ എക്സൈസർ, എം ആർ കിറ്റ്, വാക്കർ, സെൻസർ കിറ്റ് എന്നിങ്ങനെ വിവിധ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ്വേകുന്നതിനായി അഗ്രിതെറാപ്പിയും നടപ്പാക്കും. ചെറിയ കൃഷിയിൽ കുട്ടികൾ വ്യാപൃതരാകുമ്പോൾ അവർക്ക് മാനസികോല്ലാസവും ശാരീരിക വ്യായാമവും ലഭ്യമാക്കുകയാണ് ലക്ഷ്യം വെക്കുന്നത്.

2019 ലാണ് വേലൂർ ഗ്രാമപഞ്ചായത്തിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് റൂം, രണ്ട് ടോയലറ്റ്, ഒരു ഫിസിയോതെറാപ്പി റൂം, ഓഫീസ് റൂം, ഡയ്നിങ്ങ് ഹാൾ, കിച്ചൺ എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിലെ വലിയ ഹാളിലാണ് അമ്മമാർക്കുള്ള സ്വയം സംരംഭ പരീലനം സംഘടിപ്പിക്കാൻ ഉദേശിച്ചിട്ടുള്ളത്. 78.52 ലക്ഷം രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി ബി ആർ സി യ്ക്ക് വേണ്ടി വിവിധ ഫണ്ടുകൾ മുഖേന ചെലവഴിച്ചത്. കൂടാതെ ഈ സാമ്പത്തിക വർഷം 20 ലക്ഷം രൂപയും ബി ആർ സി യുടെ പ്രവർത്തനത്തിന് പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ 12.5 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥാപനത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയത്.