എന്റെ കേരളം എക്സിബിഷനില്‍ സൗജന്യമായി റോബോട്ടിക്സ് പഠിക്കാന്‍ അവസരം

post

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനില്‍ സൗജന്യമായി റോബോട്ടിക്സ് പഠിക്കാന്‍ അവസരം. മേളയില്‍ ഒരുക്കുന്ന ടെക്നോളജി പവലിയനോട് അനുബന്ധിച്ച് തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സജ്ജീകരിക്കുന്ന ടെക്നോളജി ലേണിംഗ് സ്റ്റേഷനിലാണ് റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, ആപ്പ് ഡെവലപ്മെന്റ്, ത്രീഡി പ്രിന്റിംഗ്, എയറോ മോഡലിംഗ് എന്നിവ പഠിക്കാന്‍ അവസരം ലഭിക്കുക.

നവീന സാങ്കേതികവിദ്യകളെ കുറിച്ചുള്ള അറിവുകള്‍ പൊതുസമൂഹത്തിന് കൈമാറുകയെന്ന ലക്ഷ്യത്തോടെ തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സിഡ്ബി പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്ന സ്വാവലംബന്‍ ചെയര്‍ ഫോര്‍ എംഎസ്എംഇ സൊല്യൂഷന്‍സാണ് ടെക്നോളജി ലേണിംഗ് സ്റ്റേഷന്‍ ഒരുക്കുന്നത്. ടെക്നോളജി മേഖലയിലെ വിദഗ്ധര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. മെയ് 10 മുതല്‍ 15 വരെ തീയതികളിലായിരിക്കും വ്യത്യസ്ത ബാച്ചുകള്‍ക്കായി ഏകദിന പരിശീലനം നല്‍കുക.

പുതുതലമുറ സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടിയില്‍ 10 മുതല്‍ 25 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍, യുവാക്കള്‍ ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. റോബോട്ടിക്സ് ഉള്‍പ്പെടെയുള്ളവയില്‍ പ്രായോഗിക പരിശീലനവും ഇവിടെ ലഭിക്കും. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 73564 83089 എന്ന നമ്പറില്‍ പേരു വിവരങ്ങള്‍ വാട്ട്സാപ്പ് ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത എണ്ണം ആളുകള്‍ക്കു മാത്രമായിരിക്കും അവസരം.