പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ ഗവണ്‍മെന്റ് വൃദ്ധസദനം

post

കണ്ണൂര്‍: കോവിഡ് 19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് കണ്ണൂര്‍ ഗവ. വൃദ്ധ സദനത്തിലെ താമസക്കാരും ജീവനക്കാരും.  എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള അറുപത്തിയഞ്ച് താമസക്കാര്‍ ഉള്ള വൃദ്ധസദനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സൂപ്രണ്ട് ബി മോഹനന്‍ അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് നിയന്ത്രണം  ഏര്‍പ്പെടുത്തുകയും ഔട്ടിംഗ്  മാറ്റിവയ്ക്കുകയും ചെയ്തു. കോറോണ രോഗപ്രതിരോധത്തിനായി ശരിയായി കൈകഴുകുന്നതില്‍ പരിശീലനവും നല്‍കി വരുന്നുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനു പുറമെ  ശാരീരിക അകലം  പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും  നടത്തിവരുന്നു.  പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരെ  പാര്‍പ്പിക്കുന്നതിനായി  ഐസോലേഷന്‍ വാര്‍ഡും  സജ്ജീകരിച്ചിട്ടുണ്ട്. താമസക്കാര്‍ക്ക് പോഷക സമൃദ്ധമായ  ആഹാരം, കുടിവെള്ളം  എന്നിവ ഉറപ്പുവരുത്തുകയും  ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നുണ്ട്്. പ്രായമേറിയവര്‍, ശാരീരിക വൈകല്യമുള്ളവര്‍, രോഗബാധിതര്‍, തുടങ്ങിയ താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി  അവരെ പതുജനങ്ങളുമായി നേരിട്ട്  ഇടപെടാതെ  ശ്രദ്ധിക്കുന്നുണ്ട്. സോപ്പ് വെള്ളം , സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മേട്രനെ ചുമതലപ്പെടുത്തി.