കോവിഡ് 19: ട്രെയിന്‍ യാത്രികരുമായി സംവദിച്ച് ജില്ലാ കലക്ടറും കമ്മീഷണറും

post

കൊല്ലം: ട്രെയിന്‍ യാത്രക്കാരെ നേരില്‍ കണ്ട് കൊറോണ വൈറസിനെതിരെ ബോധവത്കരണം നടത്തി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറും സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണനും. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കേരള എക്‌സ്പ്രസ് ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയാണ്  ഇവര്‍ യാത്രക്കാരുമായി സംവദിച്ചത്.

വ്യക്തിശുചിത്വം പാലിക്കണമെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ കൃത്യമായ ചികിത്സ തേടണമെന്നും കലക്ടര്‍ യാത്രക്കാരെ ഓര്‍മിപ്പിച്ചു. രോഗവ്യാപന സാധ്യതകണക്കിലെടുത്ത് രണ്ടാഴ്ച  നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ഭക്ഷണശാലകളിലും കലക്ടര്‍ പരിശോധന നടത്തി. സ്റ്റാളുകളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും ഗ്ലൗസ് ഉപയോഗിക്കണമെന്നും പണം കൈകാര്യം ചെയ്യുന്നവര്‍ ഹാന്റ് സാനിറ്റൈസര്‍  ഉപോഗിച്ച് കൈകള്‍ അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ തട്ടുകടകളിലെ ജീവനക്കാര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ എന്നിവര്‍ക്കും ശുചിത്വ നിര്‍ദേശങ്ങള്‍ നല്‍കി. ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്നവര്‍, ഇതരസംസ്ഥാനത്തു നിന്നും എത്തുന്നവര്‍ എന്നിവരെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കി മാത്രമേ പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് വിടാവൂ എന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ എ ടി എമ്മുകളില്‍ ഹാന്റ് സാനിറ്റൈസറുകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പ്ലാറ്റ്‌ഫോമിലെ എല്ലാ ഭക്ഷണ ശാലകളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്റ്റാളുകളുടെ ലൈസന്‍സ് റദ്ദു ചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുള്ള യാത്രക്കാരെ ആശുപത്രയിലെത്തിക്കാന്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമായിരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.