കോവിഡ് 19 പ്രതിരോധം: മാസ്‌കുകള്‍ നിര്‍മ്മിച്ച് 30ഓളം കുടുംബശ്രീ യൂണിറ്റുകള്‍

post

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കുടുംബശ്രീയും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന വിവിധ തരം മാസ്‌കുകളും സാനിറ്റൈസറും  പൊതുവിപണിയില്‍ ലഭ്യമല്ലാത്തതിനാലാണ് പ്രാദേശിക സര്‍ക്കാറുകളുമായി കൈകോര്‍ത്ത് കുടുംബശ്രീ മാസ്‌കുകളടെയും സാനിറ്റൈസറിന്റെയും ഉല്‍പാദനം ആരംഭിച്ചത്. ജില്ലയിലെ 30 യൂണിറ്റുകളില്‍ നിന്ന് 150ഓളം വനിതകള്‍ മാസ്‌ക് ഉല്‍പാദനവുമായി ബന്ധപ്പെട്ട്‌ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. പച്ച,  നീല എന്നീ കളറുകളിലുള്ള ഗുണനിലവാരമുള്ള തുണി ഉപയോഗിച്ചാണ് സിംഗിള്‍ ലയര്‍, ഡബിള്‍ ലയര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്.

ജില്ലയില്‍ 20,000 മാസ്‌ക്കുകളും സംസ്ഥാന മിഷനിലേക്ക് 13000 മാസ്‌കുകളും നിര്‍മിച്ചു നല്‍കാന്‍ കുടുംബശ്രീ സംരംഭകരെ കൊണ്ട് സാധിച്ചു. ജില്ലയിലെ ഗവ. ആശുപത്രികള്‍, കണ്‍സ്യൂമര്‍ഫെഡ്, കാന്റീനുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വിവിധ മാളുകള്‍ എന്നിവ വഴിയും പെന്‍ഷനേഴ്‌സ് അസോസിയേഷന്‍,  ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവ മുഖേനയും വിതരണം ചെയ്യുന്നു. മൂന്ന് ദിവസം കൊണ്ടാണ് കുടുംബശ്രീ യൂണിറ്റുകള്‍ ഇത്രയും മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കിയത്. ഇതിനു പുറമേ സിഡിഎസുകള്‍ പഞ്ചായത്തുകളുമായി സഹകരിച്ച് സൗജന്യമായും മാസ്‌ക് വിതരണം ചെയ്തുവരുന്നു.

ജില്ലയില്‍ സാനിറ്റൈസര്‍  നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാല് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ യൂണിറ്റുകള്‍  പ്രാദേശികതലത്തില്‍ പഞ്ചായത്തുകളുമായി സഹകരിച്ച് സാനിറ്റൈസറുകള്‍  നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു. പൂമംഗലം സിഡിഎസിനാണ് സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച വിതരണം ചെയ്യാനുള്ള ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ഇതിനുപുറമേ അയല്‍ക്കൂട്ടങ്ങള്‍ വഴി കോവിഡ് 19 ബോധവല്‍ക്കരണം എല്ലാ പഞ്ചായത്തുകളിലും നടത്തിവരുന്നു.