സഹകരണ എക്സ്പോ 2023: പേരുകൊണ്ട് ശ്രദ്ധേയമായി കട്ടപ്പന സ്റ്റാൾ

എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ പേരുകൊണ്ട് വ്യത്യസ്തമാകുകയാണ് കട്ടപ്പനയെന്ന സ്റ്റാൾ. സ്വന്തം നാടിന്റെ പേരിലുള്ള സ്റ്റാളൊരുക്കിയിരിക്കുന്നത് കട്ടപ്പന സഹകരണ ബാങ്കാണ്. എന്നാൽ പേരിൽ മാത്രമല്ല സ്റ്റാൾ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളും ഇവിടേക്ക് കാണികളെ ആകർഷിക്കുന്നു. ഒപ്പം സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാക്കാം എന്നതിലും കട്ടപ്പന സഹകരണ ബാങ്ക് മാതൃകയാകുന്നു.
വിവിധ ഇനം പുട്ടു പൊടികൾ, ദോശ, ഇഡ്ലി, റോസ്റ്റഡ് റവ തുടങ്ങി പത്തിനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ടിഷ്യു കൾച്ചറൽ തൈകൾ, അഗ്രി നേഴ്സറി ഇനങ്ങൾ എന്നിവ സ്റ്റാളിൽ ലഭ്യമാണ്. ടിഷ്യൂ കൾച്ചർ രീതിയിൽ ഉൽപ്പാദിപ്പിച്ച അലങ്കാര സസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ, വിവിധയിനം വാഴത്തെകൾ എന്നിവയും സ്റ്റാളിലുണ്ട്. നേന്ത്രൻ, ഞാലിപ്പൂവൻ, ചങ്ങാലിക്കോടൻ എന്നിവയാണ് സറ്റാളിൽ ലഭ്യമാകുന്ന വാഴ ഇനങ്ങൾ.
ഇടുക്കി ജില്ലയിൽ വലിയൊരു വിപണിയാണ് കട്ടപ്പന സഹകരണ ബാങ്കിന്റെ ഹൈ ഫ്രെഷ് ബ്രാൻഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുള്ളത്. കട്ടപ്പനയിൽ മൂന്നേക്കറിൽ ജൈവ രീതിയിൽ കാർഷിക ഉൽപ്പന്നങ്ങളും വിളയിച്ചെടുക്കുന്നു. ഈ ജൈവ പച്ചക്കറികൾ ഹൈപ്പർ മാർക്കറ്റിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
എക്സ്പോയിൽ വ്യത്യസ്തമായ ടിഷ്യകൾച്ചർ വാഴ തൈകൾ
കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ചുങ്കത്തറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നൂതന സംരംഭമായ പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ ഡിവിഷന്റെ സ്റ്റാൾ കുഞ്ഞന്‍ വാഴകളാല്‍ ശ്രദ്ധേയമാകുന്നു. പോക്കറ്റിലിട്ട് കൊണ്ടുപോകാവുന്നത്രയും ചെറുതായ മഞ്ചേരി കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട ഈ വാഴത്തൈകളുടെ 12 ഓളം ഇനങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ളത്. ഒരേ സമയത്ത് വികസിപ്പിച്ചെടുക്കുന്ന ഈ വാഴത്തൈകള്‍ ഒരേ സമയത്ത് തന്നെ വിളവെടുപ്പിന് പാകമാകും. നേന്ത്രന്, റോബസ്റ്റ, പൂവന്,കദളി തുടങ്ങിയ വൈവിധ്യ ഇനങ്ങളാണ് വാഴയിനങ്ങളിൽ പ്രദര്‍ശനത്തിന് എത്തിയിട്ടുള്ളത്.