ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍: കൂടുതല്‍ സ്ഥലങ്ങളില്‍ വാഷ് ബേസിനുകളും ഹാന്‍ഡ് വാഷും
 
                                                കൊല്ലം: കോവിഡ് 19 ജാഗ്രത നിര്‍ദേശങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവ സംയുക്തമായി റെയില്‍വേ സ്റ്റേഷന്‍,  ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍,  ബീച്ച് തുടങ്ങിയ  പൊതു ഇടങ്ങളില്‍ കൂടുതല്‍ വാഷ് ബേസിനുകള്‍,   ഹാന്‍ഡ് വാഷ് ബോട്ടിലുകള്‍ എന്നിവ  സ്ഥാപിക്കും.  ആര്യങ്കാവ് ചെക്ക് പോസ്റ്റ്,  റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും  കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
ജില്ലയിലെ കോളേജുകളില്‍  ഇന്റേണല്‍ അസസ്‌മെന്റ്  പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളിലെ പ്രാര്‍ഥനാ പരിപാടികളില്‍ പരമാവധി ആളുകളെ കുറയ്ക്കണം.  ഇത് 50 പേരില്‍ കൂടാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.










