ലൈഫ് മിഷൻ: കണ്ണൂർ ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിൽ

post

ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബർക്കായി ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിൽ നിർമ്മിച്ച ആദ്യ ഭവന സമുച്ചയം കടമ്പൂരിൽ ഉദ്ഘാടനത്തിനൊരുങ്ങി. ലൈഫ് മിഷന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 6751 വീടുകളാണ് പൂർത്തിയാവുന്നത്.

കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീ ഫാബ് ടെക്നോളജിയിലുള്ള ഭവന സമുച്ചയം നിർമ്മിച്ചത്. നാല് നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ളാറ്റുകളാണിവിടെയുള്ളത്.

രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്ളാറ്റിൽ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20 കിലോ വാട്ടിന്റെ സോളാർ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കും.

കുഴൽക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കും. 25000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂർമുഴി മാതൃകയിൽ എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്ളാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ് നൽകുക. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രിൽ എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസ് ആണ് കരാറെടുത്ത് നിർമ്മാണം പൂർത്തീകരിച്ചത്.