നഗരത്തെ സുന്ദരമാക്കാൻ ഐ ലൗ തൃശൂർ പദ്ധതി

post

എംപി ഫണ്ടിൽ നിന്നും ഒരു കോടി

തൃശൂർ കോർപ്പറേഷന്റെ സൗന്ദര്യവത്കരണത്തിനായി ഐ ലൗ തൃശൂർ പദ്ധതി നടപ്പാക്കും. പദ്ധതിക്ക് ഒരു കോടി രൂപ എം പി ഫണ്ടിൽ നിന്നും നൽകുമെന്ന് ടി എൻ പ്രതാപൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന എംപി ലാഡ് അവലോകന യോഗത്തിൽ അറിയിച്ചു.

പട്ടികജാതി വിഭാഗത്തിൻ്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ സമർപ്പിക്കാൻ എസ് സി ഡവലപ്പ്മെന്റ് ഓഫീസർക്ക് എംപി നിർദ്ദേശം നൽകി. ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽചെയർ നൽകുന്നതിന് വിശദമായ റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.

കള്ളിച്ചിത്ര കോളനിയിൽ ഹൈമാസ് ലൈറ്റ് നിർമ്മാണം, കോളനിയിലെ ഭൂമി സംരക്ഷണത്തിനായി പുഴയോരം കെട്ടി സംരക്ഷിക്കൽ, പീച്ചി പ്രീമെട്രിക് ഹോസ്റ്റൽ കിച്ചൻ ആന്റ് ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മാണം, പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി റോഡ് നിർമ്മാണം എന്നീ പ്രവൃത്തികളുടെ പ്രൊപോസൽ യോഗത്തിൽ അംഗീകരിച്ചു.

അരിമ്പൂർ പഞ്ചായത്തിലെ 110-ാം നമ്പർ അങ്കണവാടിയുടെ നിർമ്മാണത്തിന് എംപി ഫണ്ടിൽ നിന്നും 1.60 ലക്ഷം രൂപ അധികംതുക അനുവദിച്ചു. തൃശൂർ ജനറൽ ആശുപത്രിയ്ക്ക് എംപി ഫണ്ടിൽ നിന്നും ആംബുലൻസ് ലഭ്യമാക്കുന്നതിന് ഫെബ്രുവരി 28നുള്ളിൽ ഇംപ്ലിമെന്റേഷൻ പൂർത്തീകരിക്കാൻ തീരുമാനിച്ചു. നിർമ്മാണം പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകൾ പ്രവൃത്തി പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കകം നൽകാൻ എംപി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കണ്ടശാംകടവ് സൗഹൃദതീരം ബോട്ട്ജെട്ടി ടൂറിസം പദ്ധതിയുടെ ഭാഗമായി വിപുലപ്പെടുത്തും.