ഹോമിലി ഹെല്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ നാടിന് സമർപ്പിച്ചു

post

ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹോമിലി ഹെര്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ എൻ കെ അക്ബർ എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ഫണ്ടിൽ നിന്നും 19.15 (19,15458) ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ഗ്രാമീണ ജീവിതങ്ങള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെ പഞ്ചായത്ത് ഹെൽത്ത് കെയര്‍ ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. 821 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിലാണ് ഇരുനില കെട്ടിടം പൂർത്തീകരിച്ചത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.

ചമ്മന്നൂര്‍ ലക്ഷംവീട് കോളനി പരിസരത്ത് നിര്‍മിച്ചിരിക്കുന്ന ഷെല്‍ട്ടറില്‍ ഹെല്‍ത്ത് സബ് സെന്ററിനോടൊപ്പം വയോജനങ്ങളുടെ മാനസികോല്ലാസത്തിനും വിനോദത്തിനുമായി വയോജന വിശ്രമകേന്ദ്രം, വായനാമുറി എന്നിവയും ഒരുക്കിയിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ റാമ്പ്, ശൗചാലയം എന്നീ സൗകര്യങ്ങളും തയ്യാറായാക്കിയിട്ടുണ്ട്. വലിച്ചെറിയൽ മുക്ത കേരളത്തിന്റെ ഭാഗമായി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിയാണ് പരിപാടി ആരംഭിച്ചത്.