വോട്ടിന്റെ മൂല്യം പഠിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍

ഇഎല്‍സി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനപരിപാടി നടന്നു
കാസര്‍കോട്: ഓരോ പൗരന്റെയും അവകാശമാണ് വോട്ട്. വോട്ടെടുപ്പിന്റെ ധാര്‍മ്മിക മൂല്യത്തെയും, അവകാശങ്ങളെയും കുറിച്ചുള്ള കൃത്യമായ ധാരണയാണ് ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് അനിവാര്യം. ഭാവി തലമുറയും യുവ വോട്ടര്‍മാരും തിരഞ്ഞെടുപ്പിന്റെയും വോട്ടിന്റെയും പ്രാധാന്യം മനസിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഈ ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകള്‍ (ഇ.എല്‍.സി) പ്രവര്‍ത്തിക്കുന്നത്. യുവതലമുറയ്ക്ക് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പകര്‍ന്നു നല്‍കേണ്ട ചുമതല ഇ.എല്‍.സി കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കാണ്. ജില്ലയിലെ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നവീന്‍ബാബു നിര്‍വഹിച്ചു. ഇ.എല്‍.സി ട്രെയിനര്‍മാരായ ബി.അജിത്കുമാര്‍, ധനഞ്ജയന് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ഇ.എല്‍.സി കോര്‍ഡിനേറ്റര്‍ പ്രേംജി പ്രകാശ് സംസാരിച്ചു.
എന്താണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകള്‍
സ്കൂളുകളിലെയും കോളേജുകളിലെയും തിരഞ്ഞെടുപ്പ് സാക്ഷരത ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വപ്ന പദ്ധതിയാണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് അഥവാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്. ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകളിലൂടെ യുവ വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം ഉയര്‍ത്തുകയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലക്ഷ്യം വയ്ക്കുന്നത്. രസകരമായ പ്രവര്‍ത്തനങ്ങളിലൂടെ വോട്ടറുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പരിചയപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ ലക്ഷ്യം.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ക്ലബ്ബുകളുടെ ഭാഗമാവുക വഴി അവരില്‍ രാഷ്ട്രീയത്തിനതീതമായി നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനും കഴിയുന്നു. ഇ.എല്‍.സി ക്ലബ്ബുകള്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും, ഒപ്പം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണം. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഒരു വോട്ടും പാഴാക്കരുതെന്നുമുള്ള സന്ദേശം പിന്തുടരാന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാണ് ഇഎല്‍സികളുടെ പ്രവര്‍ത്തനം.
രസകരമായ ആക്ടിവിറ്റീസിലൂടെ, വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേര് രജിസ്റ്റര്‍ ചെയ്യാം, വോട്ടെടുപ്പ് നടക്കുന്നത് എങ്ങനെ, വോട്ടിംഗ് മെഷിനുകളുടെ പ്രവര്‍ത്തനം തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി പരിചയപ്പെടുത്തുന്നതിനാണ് ഇ.എല്‍.സി ക്ലബ്ബുകള്‍.