കര്‍മ്മ നിരതരായി ഹരിത കര്‍മ്മ സേന; ഹരിതമിത്രം ആപ്പ് മുഖേന മാലിന്യ ശേഖരണം ഫലപ്രദം

post

കാസര്‍കോട്: ജില്ലയില്‍ അജൈവ മാലിന്യ ശേഖരണം കാര്യക്ഷമമാക്കി ഹരിത കര്‍മ സേനാംഗങ്ങള്‍. കഴിഞ്ഞ മാസം വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 1,88,726 കിലോ ഗ്രാം അജൈവ മാലിന്യമാണ് ഹരിത കര്‍മ്മ സേന ശേഖരിച്ചത്. വീടുകളില്‍ നിന്ന് 1,58528 കിലോഗ്രാമും സ്ഥാപനങ്ങളില്‍ നിന്നും 30198 കിലോ ഗ്രാമും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. ജില്ലയില്‍ ഹരിത കര്‍മ സേന വാതില്‍പ്പടി സേവനം നല്‍കുന്നത് 3,62,978 വീടുകളിലാണ്.

ഒപ്പം 10,936 സ്ഥാപനങ്ങളിലും. യൂസര്‍ ഫീ ഇനത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് കഴിഞ്ഞ മാസം 59,61,235 രൂപയാണ് ലഭിച്ചത്. ശേഖരിച്ച മാലിന്യങ്ങളില്‍ 82,344.18 കിലോ ഗ്രാം ക്ലീന്‍ കേരള കമ്പനിക്കും 3,25,780 കിലോ ഗ്രാം സ്വകാര്യ ഏജന്‍സിക്കും കൈമാറി. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ 777 വാര്‍ഡുകളില്‍ 41 ഹരിത കര്‍മ സേന കണ്‍സോര്‍ഷ്യമാണ് രൂപീകരിച്ചിരിക്കുന്നത്. 41 കണ്‍സോര്‍ഷ്യത്തിന് കീഴില്‍ 167 ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 1294 അംഗങ്ങളാണ് ജി്ല്ലയില്‍ ഹരിത കര്‍മ്മസേനയിലുള്ളത്.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള എം.സി.എഫ്് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സെന്ററുകളില്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കള്‍ ഹരിത കര്‍മ്മസേനയാണ് ക്ലീന്‍ കേരള കമ്പനിക്കും സ്വകാര്യ ഏജന്‍സികള്‍ക്കും തരംതിരിച്ച് നല്‍കുന്നത്. ജില്ലയില്‍ 972 മിനി എം.സി.എഫുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ഞൂറ് മിനി എം.സി.എഫുകള്‍ കൂടി സ്ഥാപിച്ച് മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ പറഞ്ഞു.


ഹരിത മിത്രം ആപ്പ് പ്രവര്‍ത്തനം കാര്യക്ഷമം

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ .13 തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ നീക്കം കാര്യക്ഷമമായിത്തുടങ്ങി. ഡിസംബര്‍ 15നാണ് ആപ്പ് മുഖേന മാലിന്യ ശേഖരണം ആരംഭിച്ചത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, കാറഡുക്ക, കോടോം ബേളൂര്‍, പുല്ലൂര്‍-പെരിയ, പടന്ന, മടിക്കൈ, കിനാനൂര്‍-കരിന്തളം, അജാനൂര്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് ആപ്പ് മുഖേന ഹരിത കര്‍മ്മ സേന അജൈവ മാലിന്യ ശേഖരണം നടത്തുന്നത്.

ഇതോടെ ഇവിടങ്ങളില്‍ പ്രതിമാസം നിശ്ചിത തീയതികളില്‍ ഹരിത കര്‍മ്മ സേന മാലിന്യ ശേഖരണത്തിനെത്തുമെന്നും ഹരിത മിത്രം ആപ്പിന്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്താന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.