സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമായി; കെഎസ്ഡിപിയുടെ സാനിറ്റൈസര്‍ എത്തിത്തുടങ്ങി

post

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിതവിലയും നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ പാതിരപ്പള്ളി കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച സാനിട്ടൈസര്‍ ലഭ്യമാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്പാദനം ആരംഭിച്ചത്. വൈറസ് പരക്കുന്നതില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിന്റെ ഭാഗമാണിതെന്ന് ചെയര്‍മാന്‍ സി. ബി. ചന്ദ്രബാബു അറിയിച്ചു.

കൈകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള സാനിറ്റൈസര്‍ വിപണിയില്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കെഎസ്ഡിപി സാനിറ്റൈസര്‍ ഉല്പാദനം ആരംഭിച്ചത്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫോര്‍മുല അടിസ്ഥാനപ്പെടുത്തി സാനിറ്റൈസര്‍ ഉല്പാദനം വെളളിയാഴ്ചയാണ് തുടങ്ങിയത്. ഇതിനകം അരലിറ്ററിന്റെ 2,000 യൂണിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കെഎംഎസ്‌സിഎല്‍ മുഖേനെ എത്തിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒരു ലക്ഷം യൂണിറ്റ് ഉല്പാദിപ്പിച്ച് നല്‍കാനാണ് കെഎസ്ഡിപി ശ്രമിക്കുന്നത്. 24 മണിക്കൂര്‍ ഉല്പാദനം വഴി ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാന്‍ ആകുമെന്നാണ് കരുതുന്നത്.

വിപണിയില്‍ അരലിറ്റര്‍ യൂണിറ്റിന് 500 രൂപയിലധികം വിലവരും. ഇത് കെഎസ്ഡിപി 125 രൂപയ്ക്കാണ് നല്‍കുന്നത്. കെഎസ്ആര്‍ടിസി, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നീ മേഖലകളില്‍ നിന്നും സാനിറ്റൈസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.