കായല്‍ സഞ്ചാരികള്‍ക്ക് തനത് കരകൗശല കാഴ്ചകളുമായി അഷ്ടമുടി ക്രാഫ്റ്റ് സെന്റര്‍ ഒരുങ്ങുന്നു

post

കൊല്ലം : കായല്‍ ഭംഗി ആസ്വദിച്ച് ദൂരയാത്രകള്‍ നടത്തുന്ന സഞ്ചാരികള്‍ക്ക് അഷ്ടമുടിയുടെ തനത് വിഭവങ്ങളുടെ കാഴ്ച്ചകള്‍ സമ്മാനിക്കാന്‍ ക്രാഫ്റ്റ് സെന്റര്‍ ഒരുങ്ങുന്നു. പ്രസിദ്ധമായ അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് ബോട്ട് ജെട്ടിക്ക് സമീപമാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. അടുത്ത മാസത്തോടെ പണികള്‍ പൂര്‍ത്തിയാകും.അഷ്ടമുടിക്കായലിലൂടെയുള്ള സഞ്ചാരികളുടെ യാത്രയ്ക്കിടയില്‍ ടൂറിസ്റ്റ് ഇടത്താവളങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി ടി പി സി യുടെ നേതൃത്വത്തില്‍ ക്രാഫ്റ്റ് സെന്റര്‍ ഒരുങ്ങുന്നത്.

ഉരുള്‍ നേര്‍ച്ചയടക്കമുള്ള ഉത്സവാഘോഷങ്ങള്‍ക്ക് പേരുകേട്ട വീരഭദ്രസ്വാമി ക്ഷേത്രവും പരിസരവും ഉത്സവകാലങ്ങളില്‍ വന്‍വ്യാപാര മേളയ്ക്കാണ്  സാക്ഷ്യം വഹിക്കുന്നത്. അഷ്ടമുടിയുടെ തനത് കരകൗശലഭക്ഷ്യവിഭവങ്ങള്‍ അടക്കമുള്ളവ വ്യാപാര മേളയില്‍ അണിനിരക്കും. ഈ പശ്ചാത്തലത്തില്‍ പെരിനാടിന്റെ തനത് വസ്തുക്കളുടെ പ്രദര്‍ശനത്തിനുള്ള സ്ഥിരംവേദിയായി ക്രാഫ്റ്റ് സെന്റര്‍ മാറുമെന്ന് ഡി ടി പി സി സെക്രട്ടറി സി സന്തോഷ്‌കുമാര്‍ പറഞ്ഞു.

ക്രാഫ്റ്റ് മ്യൂസിയത്തോടൊപ്പം സെയില്‍സ് എംപോറിയം എന്ന ആശയമാണ് പദ്ധതിയിലൂടെ മുന്നോട്ടു വയ്ക്കുന്നത്. സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് വ്യത്യസ്ത കാഴ്ചകള്‍ കാണാനും സാധനങ്ങള്‍ വാങ്ങാനുമുള്ള അവസരം ക്രാഫ്റ്റ് സെന്ററില്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ വഴിയും തനത് വിഭവങ്ങള്‍ ശേഖരിച്ച് ക്രാഫ്റ്റ് മ്യൂസിയത്തില്‍ എത്തിക്കും.ക്രാഫ്റ്റ് സെന്റര്‍ ഉയരുന്നതോടെ ഒരു നാടിന്റെ സാംസ്‌കാരിക പൈതൃകം ഒരു കുടക്കീഴില്‍ സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയൊരുക്കുമെന്നുറപ്പാണ്. 44 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.