ഗ്രാമീണ ടൂറിസവും കലയും പ്രചരിപ്പിച്ച് ഉത്തരവാദിത്വ ടൂറിസം മിഷന്‍

post

കയ്യൂര്‍ ഫെസ്റ്റിവലില്‍ ഡി.ടി.പി.സിയും ഉത്തരവാദിത്ത ടൂറിസം മിഷനും സംയോജിച്ച് കയ്യൂര്‍ ഫെസ്റ്റില്‍ നടത്തുന്ന പ്രദര്‍ശന വിപണന സ്്റ്റാള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഗ്രാമീണ ടൂറിസം വികസനവും അതിന്റെ പ്രചാരത്തിനുമൊപ്പം കലയുടെയും ഗ്രാമീണ സംരംഭകരുടെയും പ്രചാരണ വേദി കൂടിയാകുന്നു സ്റ്റാള്‍. മാവില പല്‍പ്പൊടി, ആനച്ചമയങ്ങള്‍, മ്യൂറല്‍ പെയിന്റിംഗുകള്‍ അങ്ങനെ ഏറെയുണ്ട് ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രദര്‍ശന വിപണന സ്റ്റാളിലെ ആകര്‍ഷണങ്ങള്‍.

ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരുടെ പ്രദര്‍ശനങ്ങളാണ് സ്റ്റാളില്‍ അണിനിരത്തിയിരിക്കുന്നത്. മാവില കൊണ്ടുള്ള പല്‍പ്പൊടിയാണ് ഉത്തരവാദിത്ത മിഷന്‍ പ്രദര്‍ശന സ്റ്റാളിലെ വിലയേറിയ താരം. ഏറെ ഔഷധഗുണമുള്ളതായ മാവില പല്‍പ്പൊടിക്ക് ആവശ്യക്കാര്‍ ഏറെയാണ്.

സ്റ്റാളിന്റെ പ്രധാന ആകര്‍ഷണം ലൈവ് പെയിന്റിംഗ് ആണ്. പ്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് തത്സമയം ചിത്രങ്ങള്‍ വരച്ചു നല്‍കുന്നത് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നു. അതോടൊപ്പം ചിത്രങ്ങളെക്കുറിച്ചും പെയിന്റിംഗുകളെക്കുറിച്ചും പഠനത്തിനും സൗകര്യമുണ്ട്. മ്യൂറല്‍ പെയിന്റിംഗിന്റെ വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. മ്യൂറല്‍ പെയിന്റിംഗുകള്‍ക്കും തത്സമയം വരയ്ക്കുന്ന ചിത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കാഞ്ഞങ്ങാട് ആകൃതി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആണ് ചിത്രങ്ങള്‍ തത്സമയം വരച്ചുനല്‍കുന്നതിനും ചിത്രരചനാ പാഠങ്ങള്‍ നല്‍കുന്നതിനും സൗകര്യമൊരുക്കുന്നത്.

നെറ്റിപ്പട്ടം ആവശ്യത്തിനനുസരിച്ച് നിര്‍മിച്ച് നല്‍കുന്നതിനുള്ള ഓര്‍ഡറുകളും സ്റ്റാളില്‍ എടുക്കുന്നുണ്ട്. ഒപ്പം ഡി.ടി.പി.സിയുടെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും അവയ്ക്കുള്ള അംഗീകാരങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തദ്ദേശിയരായ കലാകാരന്മാരെയും ചെറുകിട സംരംഭകരെയും ടൂറിസം വികസനത്തിനൊപ്പം പങ്കാളികളാക്കുന്നതിനും പ്രദര്‍ശനത്തിന്റെ പ്രത്യേകതകയാണ്.