പീച്ചാട്, പ്ലാമല, കുരിശുപാറ പാടത്ത് കൊയ്ത്തുത്സവം

പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ പീച്ചാട്, പ്ലാമല, കുരിശുപാറ പാടശേഖരത്തിറക്കിയ നെല്‍കൃഷി കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഏറെ നാളുകളായി തരിശു കിടന്നിരുന്ന പാടശേഖരമായിരുന്നു പീച്ചാട്, പ്ലാമല, കുരിശുപാറ പാടശേഖരം.
പള്ളിവാസല്‍ പഞ്ചായത്തിന്റെയും സംസ്ഥാന സര്‍ക്കാര്‍ കൃഷിഭവന്റെയും സഹായത്തോടെയാണ് കര്‍ഷകര്‍ പ്രദേശത്ത് വീണ്ടും നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. നെല്‍കൃഷി വിളവെടുപ്പിന് പാകമായതോടെ പാടത്ത് കൊയ്ത്തുത്സവം നടത്തുകയായിരുന്നു. 100 ഏക്കര്‍ പാടമാണ് പീച്ചാട്, പ്ലാമല, കുരിശുപാറ പാടശേഖരത്തിലുള്ളത്. ഇതില്‍ ആദ്യഘട്ടമായി 20 ഏക്കറോളം വരുന്ന പാടത്താണ് നെല്‍കൃഷിയിറക്കിയത്. പാടശേഖര സമിതിയില്‍ ഉള്‍പ്പെട്ട പതിനഞ്ചോളം കര്‍ഷകരുടെ തരിശായി കിടക്കുന്ന ശേഷിക്കുന്ന പാടത്തേക്കു കൂടി കൃഷി വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.