കാവല്‍പ്ലസ് പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി-സ്റ്റേറ്റ് നിര്ഭയസെല് എന്നിവയുടെ ഏകോപനത്തോടുകൂടി നടപ്പിലാക്കിവരുന്ന കാവല്‍പ്ലസ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘനടനകളില് നിന്നും അപേക്ഷ ക്ഷണിച്ചു. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെയും ലൈംഗികാതിക്രമം അതിജീവിച്ച കുട്ടികളുടെയും സമഗ്രമായ പരിരക്ഷയും സംരക്ഷണവും പുനരധിവാസവുമാണ് കാവല്‍പ്ലസ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ രണ്ട് സന്നദ്ധ സംഘടനകളയാണ് തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കുന്ന സംഘടന 1955 ലെ തിരുവിതാംകൂര്‍ -കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ റെജിസ്ട്രേഷന് ആക്ട്, 1860 ലെ സൊസൈറ്റീസ് ആക്ട്, 1882 ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് പ്രകാരം രജിസ്റ്റര്‍ചെയ്തിരിക്കണം. അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു, ബി.എസ്.ഡബ്ല്യു കോഴ്സുകള്‍ നടത്തുന്ന അക്കാദമിക്ക് സ്ഥാപനങ്ങളുടെ ഔട്ട്റീച്ച് സംവിധാനമായിരിക്കണം. സാമൂഹിക നീതിവകുപ്പിന്റെ അക്രഡിറ്റേഷന് ലഭിച്ച സന്നദ്ധ സംഘടനയായിരിക്കണം.
അല്ലെങ്കില്‍ കുട്ടികളുടെ പുനരധിവാസമേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള സംഘടനയായിരിക്കണം. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധയുള്ള സംഘടനയായിരിക്കണം. നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലുണ്ടായിരിക്കണം. ഈ പദ്ധതി ഏറ്റെടുത്ത് നടത്തുവാനുള്ള സാമ്പത്തിക ഭദ്രതയുള്ള സംഘടനയായിരിക്കണം.
ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘടനകള്‍ അപേക്ഷിക്കുവാന്‍ പാടുള്ളതല്ല. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രഹസ്യാത്മകമായിരിക്കേണ്ടതും ഏതെങ്കിലും തരത്തില്‍ രഹസ്യങ്ങള്‍ പുറത്തു പോകാന്‍ ഇടയായാല്‍ സംഘടനയെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അയോഗ്യരാക്കുന്നതും നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. കേസില്‍ ഉള്‍പ്പെട്ട കുട്ടികളെ സ്വാധീനിക്കുന്നതിനോ, കേസ് ഒതുക്കിതീര്ക്കുന്നതിനോ ഉള്ള ഒരു ശ്രമവും എന്‍.ജി.ഒ യുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.
ഈ പദ്ധതിയില്‍ നിയമിതരാകുന്ന സന്നദ്ധ സംഘടനകള്‍ പോലീസ് വേരിഫിക്കേഷന് നടത്തി ക്ലിയറന്‍സ് എടുക്കേണ്ടതാണ്. അപേക്ഷ നല്കുന്ന സന്നദ്ധ സംഘടനകള്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം. സ്ഥാപനങ്ങളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണറിപ്പോര്‍ട്ട് എന്നിവ സഹിതം 2023 ജനുവരി മൂന്നിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വൈകി ലഭിക്കുന്നതും, അപൂര്‍ണവും, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256990.