ഇനി ഹാപ്പിയായി പറക്കാം; ഹാപ്പിനസ് ഫെസ്റ്റിവൽ ഹെലികോപ്റ്റർ റൈഡിന് തുടക്കമായി
 
                                                
കണ്ണൂർ: ഈ അവധിക്കാലം തളിപ്പറമ്പിന്റെ ആകാശക്കാഴ്ചകൾ കണ്ട് ഹെലികോപ്റ്ററിൽ ആഘോഷിക്കാം. നാടിന്റെ ജനകീയോത്സവമായ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഹെലികോപ്റ്റർ റൈഡിന് തുടക്കമായി. മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ ചലച്ചിത്ര താരം മാലാ പാർവതി ഫ്‌ളാഗ് ഓഫ് ചെയ്ത് ആദ്യ യാത്രക്കാരിയായി.
ഹെലികോപ്റ്റർ റൈഡിലൂടെ ഹെലിടൂറിസത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. തളിപ്പറമ്പിലാദ്യമായാണ് ഹെലികോപ്റ്റർ റൈഡ് ഒരുക്കുന്നത്. ബംഗളൂരു ആസ്ഥാനമായ തുമ്പി ഏവിയേഷൻസാണ് പറക്കാൻ സൗകര്യമൊരുക്കിയത്. 2022 മോഡൽ എയർ ബസ് എച്ച് വൺ ടു ഹെലികോപ്റ്ററിൽ അഞ്ച് മുതൽ ആറ് മിനുട്ട് വരെ ആകാശയാത്ര നടത്താൻ ഒരാൾക്ക് 3699 രൂപയാണ് ഈടാക്കുക.
തളിപ്പറമ്പ് നഗരത്തിന്റെ ഏഴ് കിലോമീറ്റർ ചുറ്റളവിൽ കാഴ്ചകൾ കാണാം. 12 മുതൽ 13 മിനുട്ട് വരെയുള്ള റൈഡിൽ നഗരത്തിനു പുറത്തുള്ള ദൃശ്യഭംഗികൾ ആസ്വദിക്കാം. 7499 രൂപയാണ് ചാർജ്. താൽപര്യമുള്ളവർക്ക് അധികം തുക നൽകിയാൽ അര മണിക്കൂർ വരെ ഇഷ്ടമുള്ള ഇടങ്ങൾ കണ്ട് പറക്കാം. www.helitaxii.com ൽ
ഹെലികോപ്റ്റർ റൈഡ് ഓൺലൈനായി ബുക്ക് ചെയ്യാം. മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രൗണ്ടിലെ കൗണ്ടറിലും ബുക്കിംഗ് സൗകര്യമുണ്ട്. ഫെസ്റ്റിവൽ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെ ഹെലികോപ്റ്ററിൽ പറക്കാം. ആറ് സീറ്റുകളുള്ള എയർ ബസ് നിയന്ത്രിക്കാൻ ഒരു പൈലറ്റ് ഉണ്ടാകും. ഇതിനായി പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാരാണ് എത്തിയിട്ടുള്ളത്. അഗ്‌നി സുരക്ഷസംവിധാനങ്ങളടക്കമുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ആദ്യ യാത്രയിൽ മാലാ പാർവതിക്കൊപ്പം കെ എ പി ബറ്റാലിയൻ അസി. കമാൻഡന്റ് സജീഷ് ബാബു, തളിപ്പറമ്പ് ഡി വൈ എസ് പി എം പി വിനോദ്, സംഘാടക സമിതി കൺവീനർ എ നിശാന്ത്, ഹാപ്പിനസ് ഫെസ്റ്റിവൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം വി ജനാർദനൻ തുടങ്ങിയവരും ഉണ്ടായിരുന്നു.










