സപ്ലൈകോ ജില്ലാ ഫെയറിന് തുടക്കം

post

വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് മേയർ അഡ്വ. എം അനിൽകുമാർ. സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയർ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സപ്ലൈകോ സാധാരണക്കാർക്ക് ആശ്രയിക്കത്തക്ക വിധത്തിൽ വിപണി ഇടപെടൽ നടത്തുന്നു. കോവിഡ് കിറ്റുകളുടെ വിതരണത്തിലും സപ്ലൈകോയുടെ സംഭാവന എടുത്തു പറയേണ്ടതാണ്. മുൻ ഭക്ഷ്യമന്ത്രി ഇ ചന്ദ്രശേഖരൻ നായർ മുൻകൈയെടുത്ത് ആരംഭിച്ച സപ്ലൈകോ നിലവിൽ എല്ലാവർക്കും ആശ്രയിക്കാൻ കഴിയുന്ന ഒന്നായി മാറിയെന്നും മേയർ പറഞ്ഞു.

മിതമായ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്ന സപ്ലൈകോ, സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് പറഞ്ഞു. ടി ജെ വിനോദ് എംഎൽഎ ആദ്യ വില്പന നടത്തി.സപ്ലൈകോ ജനറൽ മാനേജർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എറണാകുളം റീജിയണൽ മാനേജർ വി പി ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.2023 ജനുവരി രണ്ടു വരെ .രാവിലെ 10 മുതൽ വൈകിട്ട് 8 മണി വരെയാണ് ഫെയർ .ജനുവരി രണ്ടുവരെ സപ്ലൈകോയുടെ ജില്ലയിലെ സൂപ്പർമാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളും ക്രിസ്മസ് – പുതുവത്സര ഫെയറുകളായി പ്രവർത്തിക്കും.