വികസന വിഷയങ്ങളില്‍ പ്രതികരണം അറിയിക്കാം; വോയ്സ് ഓഫ് കാസര്‍കോട്'' ക്യൂ ആര്‍ കോഡ് പുറത്തിറക്കി

post

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പ്രതികരണം അറിയിക്കുന്നതിന് വോയ്സ് ഓഫ് കാസര്‍കോട് ഓണ്‍ലൈന്‍ സംവിധാനം പുറത്തിറക്കി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്റ്റാര്‍ട്ട് അപ് മിഷനുമായി സഹകരിച്ചാണ് വോയ്സ് ഓഫ് കാസര്‍കോട് ക്യൂ ആര്‍ കോഡ് തയ്യാറാക്കിയത്.

''കാസര്‍കോട് ഇന്നലെ ഇന്ന് നാളെ'' വികസന സെമിനാര്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച സംരംഭകത്വ സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനില്‍ നിന്നും പ്രസ് ക്ലബ് സെകട്ടറി കെ.വി.പത്മേഷ് വോയ്സ് ഓഫ് കാസര്‍കോടിന്റെ ക്യൂ. ആര്‍ കോഡ് ഏറ്റുവാങ്ങി. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് സര്‍വേയുടെ ഭാഗമാവാന്‍ കഴിയും. വികസന വിഷയങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.