അഷ്ടമുടി കായല്‍ നവീകരണം; ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
 
                                                അഷ്ടമുടി കായല്‍ നവീകരണത്തോടനുബന്ധിച്ച് വിവിധ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ സന്ദര്‍ശിച്ചു. പ്രധാന ഹോട്ട്‌സ്‌പോട്ടുകളായ ലിങ്ക് റോഡ്, പുള്ളിക്കട, തോപ്പില്‍ കടവ്, മണിച്ചിത്തോട്, തെക്കുംഭാഗം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. അഷ്ടമുടിക്കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ വിവിധ വകുപ്പുകളെ ഏകോപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
 കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി' പദ്ധതിയുടെ ഭാഗമായി കായല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കായലിലേക്ക്  മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത തടയാന്‍ പോലീസ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിക്കും. ലിങ്ക് റോഡില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. റെയില്‍വേ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന പുള്ളിക്കട കോളനിയില്‍ സീവേജ്  സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിനായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കും.  മണച്ചിത്തോട് ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ കായലില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും കളക്ടര്‍ വിലയിരുത്തി. 










