ദേശീയ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍: പ്രാദേശിക തലത്തില്‍ നിരീക്ഷണ സമിതികള്‍ ആരംഭിക്കും

ദേശീയ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്നതിനും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ ഉടന്‍ ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല നിരീക്ഷണ സമിതി യോഗത്തില്‍ തീരുമാനം. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രാദേശിക സമിതികൾ രൂപീകരിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ പ്രാദേശിക കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കായിരിക്കും സമിതിയുടെ ചുമതല.
പ്രാദേശിക സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതല നിരീക്ഷണ സമിതി വിലയിരുത്തും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കും. സമിതികള്‍ സ്ഥലപരിശോധന നടത്തി നിയമ വിരുദ്ധമായ എല്ലാ കൊടികളും ബാനറുകളും ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്ത ശേഷം സ്ഥാപിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ദേശീയ പാതയോരങ്ങളില്‍ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്ന പരസ്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കാനും യോഗത്തില്‍ തീരുമാനമായി.