പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ കുപ്പിച്ചില്ല് ശേഖരണം; ശേഖരിച്ചത് 4 ടണ്‍ മാലിന്യം

post

മാലിന്യ ശേഖരണ യജ്ഞത്തിന്റെ ഭാഗമായി പാമ്പാക്കുട ഗ്രാമ പഞ്ചായത്തില്‍ കുപ്പിച്ചില്ല് ശേഖരിച്ചു. ഹരിത കേരള മിഷനുമായി സഹകരിച്ച് പഞ്ചായത്ത് നടത്തിയ യജ്ഞത്തില്‍ ഒറ്റ ദിവസം കൊണ്ട് നാല് ടണ്‍ ചില്ല് മാലിന്യങ്ങളാണു ശേഖരിച്ചത്. കുപ്പിച്ചില്ല് ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തില്‍ നിര്‍വഹിച്ചു.

പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി തിരഞ്ഞെടുത്ത 23 കേന്ദ്രങ്ങളാണ് മാലിന്യങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നത്. പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികള്‍, ചില്ല് ഗ്ലാസുകള്‍ തുടങ്ങിയവയാണ് ശേഖരിച്ചത്. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് നേരത്തേ വിവരം നല്‍കിയിരുന്നു. സാധാരണ പഞ്ചായത്തിലെ 23 ഹരിത കര്‍മസേനാംഗങ്ങള്‍ വീടുകളിലെത്തിയാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.

തരം തിരിച്ച ചില്ല് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഇതിലൂടെ കിലോഗ്രാമിന് ഒന്നര രൂപ നിരക്കില്‍ പഞ്ചായത്തിന് വരുമാനവും ലഭിക്കും. പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ മിഷനും ഹരിത കര്‍മസേനയും പ്രാദേശിക സന്നദ്ധ സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ വലിയ ജനപിന്തുണയാണ് യജ്ഞത്തിന് ലഭിച്ചത്.