പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി തെളിവെടുപ്പ് 30ന് മൂന്നാറില്‍

post

പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ഡിസംബര്‍ 30ന് രാവിലെ 10ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ കെ.എസ്.ഇ.ബി വിപുലീകരണ പദ്ധതികളുടെ മറവില്‍ വ്യാജ പട്ടയങ്ങള്‍ ഉണ്ടാക്കി അനധികൃത നിര്‍മ്മാണം നടത്തുന്നതായി സമിതിക്ക് ലഭിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ (2016-19) ഒന്നാമത് റിപ്പോര്‍ട്ടിന്റെ ആക്ഷന്‍ റിപ്പോര്‍ട്ടില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചതായി പരാമര്‍ശിച്ച നടപടികള്‍ പരിശോധിക്കുകയും ചെയ്യും.

കൂടാതെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവര ശേഖരണം നടത്തുകയും ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. യോഗാനന്തരം പള്ളിവാസല്‍ കെ.എസ്.ഇ.ബി. വിപുലീകരണ പദ്ധതി പ്രദേശം, അനുബന്ധപ്രദേശങ്ങള്‍, മൂന്നാറില്‍ പരിസ്ഥിതി, മലിനീകരണ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രദേശങ്ങള്‍ എന്നിവ സഭാസമിതി സന്ദര്‍ശിക്കും.