പഴയന്നൂർ സി എച്ച് സിയിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം 17ന്

post

പഴയന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ഡിസംബർ 17ന് ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷൻ വാർഡിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചിരിക്കുന്നത്.

നിപ്പ, കോവിഡ് പോലുള്ള മഹാമാരികളുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിന് തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 15 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

നിപ്പ, കോവിഡ് പോലുള്ള വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളിൽ നിന്ന് മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡിൽ നഴ്സിംഗ് സ്റ്റേഷൻ, ഡോക്ടേഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങളോടെ 2400 ചതുരശ്ര അടിയിൽ പ്രീ ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമ്മിച്ച കെട്ടിടവും ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐസലേഷൻ വാർഡിന്റെ നിർമ്മാണ ചുമതല.